തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കേരളത്തിലെ ജനങ്ങളോട് ക്രൂരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാന വിഹിതമായി ലഭിക്കുന്ന മണ്ണെണ്ണയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിഹിതം നല്‍കുന്നത്. വില വര്‍ധിച്ചതോടെ നൂറു രൂപയില്‍ അധികം മുടക്കി മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് വില കുറച്ച് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. ഫെബ്രുവരിയില്‍ മണ്ണെണ്ണ വിലയില്‍ 8 രൂപ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ഡിസംബര്‍ മാസത്തിലെ കരുതല്‍ ശേഖരത്തില്‍ എടുത്ത മണ്ണെണ്ണ ഉണ്ടായിരുന്നതിനാൽ കേരളത്തില്‍ അന്ന് വിലവര്‍ധനവ് നടപ്പാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ കരുതല്‍ ശേഖരത്തില്‍ മണ്ണെണ്ണയില്ലെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ വിലകുറച്ച് നല്‍കാന്‍ കഴിയുമോ എന്നതിനെ സംബന്ധിച്ച് പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ബുധനാഴ്‌ച കേന്ദ്ര ഭക്ഷ്യ മന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കാണുമെന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ALSO READ:പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ എട്ട് രൂപയുടെ വർധന