തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കൊണ്ട് വരുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. നരേന്ദ്ര ധ്രുവ് ബത്ര. ഇക്കാര്യം കേരള മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. നാഷണൽ ഗെയിംസിന് ഇനിയും കേരളത്തിന് വേദിയാകാൻ കഴിയും. അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിലുണ്ടെന്നും ബത്ര പറഞ്ഞു. ശ്രീജേഷിന്റെ നാടായിട്ടും കേരളത്തിന് ഒരു ഹോക്കി ടർഫ് മാത്രമാണുള്ളത്. എല്ലാ ജില്ലയിലും ഒരു ഹോക്കി ടർഫ് നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്‌സിലെ ഫെൻസിങ്ങിൽ കേരളത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. ആയോധന കലകളുടെ പാരമ്പര്യം ഗുണം ചെയ്യും. അടുത്ത ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം രണ്ടക്കമാക്കുകയാണ് ലക്ഷ്യമെന്നും ബത്ര പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയില്‍ ബത്രക്ക് വൻ സ്വീകരണമാണ് കേരള ഒളിമ്പിക് അസോസിയേഷന്റെയും മറ്റ് സ്പോർട്ട്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഒരുക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.