തിരുവനന്തപുരം: സ്ത്രീ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജ്. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണം. സംസ്ഥാനത്ത് സ്ത്രീധന പീഡനവും മരണവും ഉണ്ടാകുന്നതില്‍ പൊതുസമൂഹത്തിന് നിർണായക പങ്കുണ്ട്. മാധ്യമങ്ങളും ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്നും വീണ ജോർജ് പറഞ്ഞു.
വനിത ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ 'മാധ്യമങ്ങളും ഭാഷയും ലിംഗ ബോധവും' എന്ന വിഷയത്തിൽ സംസ്ഥാനതല മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമങ്ങൾ സ്ത്രീ സൗഹൃദപരമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകണം.
മാധ്യമസ്ഥാപനങ്ങളിൽ എത്ര ഇടത്ത് എഡിറ്റോറിയൽ ടീമിൽ സ്ത്രീകളുണ്ട്. വകുപ്പിന്‍റെ പ്രവർത്തനത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. മാർക്കറ്റിങ് താൽപര്യങ്ങൾ അതിജീവിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വാർത്തകൾ നൽകാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സമ്പന്നമായ കേരളത്തിൽ മാധ്യമരംഗത്ത് വനിത നയം വേണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ സതീദേവി പറഞ്ഞു. 75 വർഷങ്ങൾക്കിപ്പുറവും ലിംഗനീതിയെപ്പറ്റി സംസാരിക്കേണ്ട അവസ്ഥയാണ്. മാധ്യമ രംഗത്തെ സ്ത്രീ സുരക്ഷയും സമത്വത്തിനും മാർഗരേഖ വനിത കമ്മിഷൻ തയ്യാറാക്കിയിട്ടുണ്ട്.
മാധ്യമ സ്ഥാപനങ്ങൾ നയം രൂപീകരിക്കുന്നത് ലാഭാധിഷ്‌ഠിതമായി ആണെന്നും സ്ത്രീവിരുദ്ധത കൂടുതലായി വരുന്നുവെന്നും വനിത കമ്മിഷൻ അധ്യക്ഷ വിമർശിച്ചു.
Also read: നവജാത ശിശുക്കളിലെ തൂക്കക്കുറവ് പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി