തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിൽ ഇന്ന് (ഒക്ടോബർ 09) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (ഒക്ടോബർ 10) ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ ഇടുക്കി, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.