തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ (ഒക്‌ടോബര്‍ 5) വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് (Kerala weather update).
മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഭാഗികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും സുരക്ഷിതമായി സൂക്ഷിക്കണം. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ:Heavy Rain In Thiruvananthapuram: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ; വ്യാപകമായ നാശനഷ്‌ടങ്ങൾ
ജില്ലയിൽ വ്യാപകമായ നാശനഷ്‌ടങ്ങൾ: തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയിൽ (Heavy Rain In Thiruvananthapuram) വ്യാപകമായ നാശനഷ്‌ടങ്ങൾ. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പത്തോളം സംഭവങ്ങളിൽ അഗ്നിരക്ഷ സേന രക്ഷാപ്രവർത്തനം നടത്തി. ഒക്‌ടോബർ ഒന്നിന് രാവില എട്ട് മണിക്ക് മണ്ണന്തല മുക്കോല പണ്ടാരവിളയിൽ തെങ്ങ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. 10:30 ഓടുകൂടി തിരുമല വിജയ മോഹിനി മില്ലിന് സമീപം മിലിറ്ററി കാന്‍റീന് മുകളിലൂടെ മരം വീണ് അപകടമുണ്ടായി.
പൂജപ്പുര വനിത ജയിൽ ക്വാർട്ടേഴ്‌സിന്‍റെ ഭാഗത്തും രാവിലെ 11:30 ഓടെ മരം വീണു. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് ദേവസ്വം ബോർഡ് ജങ്‌ഷനിലെ ഗ്രാൻഡ് ബസാർ സൂപ്പർമാർക്കറ്റിലെ മീറ്റർ ബോർഡിൽ വെള്ളം ഇറങ്ങിയതിനെ തുടർന്നുണ്ടായ തീപിടിത്തം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് അണച്ചു.
പാപ്പനംകോട് വിശ്വംഭര റോഡിൽ പുഷ്‌പ നഗറില്‍ ബൈക്ക് ചെളിയിൽ കുടുങ്ങി അപകടം സംഭവിച്ചു. ഒക്‌ടോബർ ഒന്നിന് രാത്രി ഏഴരയ്ക്ക് കരമന നെടുങ്കാട് റോഡിൽ മതിൽ ഇടിഞ്ഞ് വീണു. അതേസമയം പാറോട്ടുകോണത്തും വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണു. കനത്ത മഴയിൽ ശാസ്‌തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കും മൂട്, ഇടപ്പഴിഞ്ഞി ചിത്ര നഗർ എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി.
ALSO READ:Thrissur Rain | ശക്തമായ കാറ്റിലും മഴയിലും വടക്കാഞ്ചേരി മേഖലയിൽ വൻ നാശനഷ്‌ടം, മരം വീണ് വീട് തകർന്നു