തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പുലർച്ചെ മുതൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന്(13.06.2023) അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതായാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ചുഴലിക്കാറ്റ് ജൂൺ 15 ന് കര തൊടുമെന്നാണ് വിവരം.
അപകട സാഹചര്യം മുൻനിർത്തി അപകട മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നുണ്ട്. തീരദേശ മേഖലകളിൽ കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ വേണ്ട ജാഗ്രതകൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിപർജോയ് ചുഴലിക്കാറ്റ്: അതിതീവ്ര ചുഴലിക്കാറ്റ് ബിപർജോയ് (ESCS - extremely severe cyclonic storm) ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 15ന് വൈകുന്നേരത്തോടെ തീവ്ര ചുഴലിക്കാറ്റായി ജഖാവു (Jakhau) തുറമുഖത്തിന് സമീപം സൗരാഷ്ട്രയും കച്ചും കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മുന്നറിയിപ്പിനെ തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്‌ച രാത്രി 11 മണിയോടെ ജഖാവു തുറമുഖത്തിന് 380 കിലോമീറ്റർ തെക്ക്- തെക്ക് പടിഞ്ഞാറ്, പോർബന്തറിൽ നിന്ന് 310 കിലോമീറ്റർ തെക്ക്- പടിഞ്ഞാറ്, ദേവഭൂമി ദ്വാരകയിൽ നിന്ന് 320 കിലോമീറ്റർ തെക്ക്- പടിഞ്ഞാറ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അതിതീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് ഇന്നലെ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
നിലവില്‍ ഗുജറാത്തിലെ കച്ച്- സൗരാഷ്ട്ര ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ആളുകളെ ഒഴിപ്പിക്കും. തീരപ്രദേശങ്ങളിലെ താഴ്ന്ന മേഖലയിൽ താമസിക്കുന്ന 7,500ഓളം ആളുകളെ ഇതിനോടകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.