തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു (Kerala Weather Update). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് (Yellow alert). ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ ഉൾപ്പെടെ അതീവ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നാളെ (ഒക്ടോബര്‍ 31) അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവുമുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. നവംബർ നാല് വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കാനും നിർദേശം.
ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത്: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും അടുത്തു നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ പരമാവധി കെട്ടിടത്തിനകത്തു തന്നെയിരിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക, കൈകാലുകള്‍ പുറത്തിടരുത്, വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.
സൈക്കിൾ, ബൈക്ക്, ട്രാക്ടര്‍ യാത്രകള്‍ ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ തുണി എടുക്കാന്‍ ടെറസിലോ മുറ്റത്തോ പോകരുത്. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക, പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.
ALSO READ: പൊട്ടിയൊഴുകാൻ ജലബോംബുകൾ, ഭീതിയായി ഇടിമിന്നല്‍... ഇടുക്കി വിറയ്ക്കുന്നു