തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിലെ വരുമാനം ഉയർത്താൻ പുതു നടപടികളുമായി കേരള വാട്ടർ അതോറിറ്റി. ഇതിനായി നോൺ വാട്ടർ റവന്യു ജനറേഷൻ പദ്ധതിക്കായി മാർഗരേഖ തയ്യാറാക്കി. സിനിമ അസോസിയേഷൻ ഉൾപ്പെടെ വ്യത്യസ്‌ത മാർഗങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.
കേരള വാട്ടർ അതോറിറ്റിക്ക് കീഴിലുള്ള വിവിധ ഇടങ്ങളാണ് പുതിയ പദ്ധതിക്കായി ആദ്യം ഉപയോഗിക്കുക. വാട്ടർ അതോറിറ്റിയുടെ മതിലുകളിലെ വാൾ പെയിന്‍റിങ്, പാർക്കിങ്, ഗസ്റ്റ് ഹൗസ് റൂം റെന്‍റിങ്, സിനിമ ഷൂട്ടിങ്, ഡിസൈൻ കൺസൾട്ടൻസി, സോളാർ പാനൽ കന്ദ്രം, ഇലക്ട്രോണിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, എടിഎമ്മുകൾ, മൊബൈൽ ടവർ തുടങ്ങിയവയ്ക്കാണ് സ്ഥലം വാടകയ്ക്ക് നൽകുന്നത്.
നിലവിൽ വാട്ടർ അതോറിറ്റിയുടെ വിവിധ വസ്‌തുക്കളിൽ സിനിമ ഷൂട്ടിങ് പോലെയുള്ളത് നടന്നുവരുന്നുണ്ട്. പുതിയ പദ്ധതിക്ക് ആയിട്ടുള്ള മാർഗരേഖ വാട്ടർ അതോറിറ്റി എംഡി വെങ്കിടേശ്വപതി ഗവൺമെന്‍റിന് മുന്നിൽ സമർപ്പിച്ചു. ഇത്തരം പദ്ധതികളിലൂടെ 20% ത്തിലധികം വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇതിനായി വ്യത്യസ്‌ത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
കെഎസ്‌ആർടിസി കഴിഞ്ഞാൽ ദുരിതത്തിൽ കഴിയുന്ന മറ്റൊരു പൊതുമേഖല സ്ഥാപനമാണ് വാട്ടർ അതോറിറ്റി. കുടിശിക ഇനത്തിൽ വലിയൊരു തുകയാണ് കിട്ടാനുള്ളത്. അതിനു പുറമെ വെള്ളക്കരം ഉയർത്തി വാട്ടർ അതോറിറ്റിയെ സഹായിക്കാൻ ഗവൺമെന്‍റ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരായി സംസ്ഥാനത്തുടനീളം വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ് വരുമാന വർധനവിന് വാട്ടർ അതോറിറ്റി തന്നെ പുതിയ മാർഗം തേടുന്നത്.
1591.8 കോടി രൂപയാണ് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും വാട്ടർ അതോറിറ്റിക്ക് കുടിശിക ഇനത്തിൽ കിട്ടാനുള്ളത്. നിയമസഭയിൽ അവതരിപ്പിച്ച കണക്കുപ്രകാരം 2567.05 കോടി രൂപയാണ് വാട്ടർ അതോറിറ്റിയുടെ ആകെ ബാധ്യത.