തിരുവനന്തപുരം : സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നൽകി. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.
ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം കുത്തിവയ്പ്പും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ഉൾപ്പെടെ 1,50,58,743 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
READ ALSO: Kerala Covid Cases : സംസ്ഥാനത്ത് 14,373 പേര്‍ക്ക് കൂടി കൊവിഡ് ; 142 മരണം
വാക്‌സിനെടുത്തവരിൽ സ്‌ത്രീകൾ മുന്നിൽ
സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. 51.94 ശതമാനം സ്ത്രീകളും 48.05 ശതമാനം പുരുഷന്‍മാരുമാണ് വാക്‌സിന്‍ എടുത്തത്. അതായത് 78,20,413 സ്ത്രീകളും, 72,35,924 പുരുഷന്‍മാരും വാക്‌സിന്‍ എടുത്തു.
18നും 44 നും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്.
READ MORE: അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം
18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍
2021 ജനുവരി 16നാണ് കേരളത്തിൽ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിന്‍റെ ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് കുത്തിവയ്പ്പ് നല്‍കി വരുന്നത്. ഇപ്പോള്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്. തിരുവനന്തപുരത്ത് ഇന്ന് 23,770 ഡോസ് കൊവാക്‌സിന്‍ കൂടി എത്തിയിട്ടുണ്ട്.
ഇനിയും വാക്‌സിനെത്തും
സംസ്ഥാനത്തിന് ഇതുവരെ ലഭ്യമായത് 1,37,80,200 ഡോസ് വാക്‌സിനാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ ബുധനാഴ്‌ച വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ രണ്ടര ലക്ഷത്തിന് മുകളില്‍ വരെ പ്രതിദിനം വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.