തിരുവനന്തപുരം: എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോളജില്‍ പ്രവേശനം നേടിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കേരള സര്‍വകലാശാല. സംഭവത്തില്‍ എംഎസ്‌എം കോളജിനോട് വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ മുഴുവന്‍ ഉത്തരവാദിത്തവും കോളജ് പ്രിന്‍സിപ്പലിനാണെന്നും വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോളജില്‍ ഏതെങ്കിലും ഒരു കുട്ടി ക്രമക്കേട് കാട്ടിയാൽ പ്രിൻസിപ്പലിനെതിരെ നിയമ നടപടിയുണ്ടാകുമെന്നും സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കേണ്ട ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണെന്നും മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. കോളജില്‍ പരാജയപ്പെട്ട ഒരു വിദ്യാര്‍ഥി എങ്ങനെ എംകോമിന് പ്രവേശനം നേടിയെന്ന് വിസി ചോദിച്ചു.
ഇനിയുള്ള മുഴുവന്‍ അഡ്‌മിഷന്‍ രേഖകളും സര്‍വകലാശാലയ്‌ക്ക് അയക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വേരിഫൈ ചെയ്യണം. ആര് തെറ്റ് ചെയ്‌താലും സര്‍വകലാശാല അത് കണ്ട് പിടിക്കും. സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും വിസി പറഞ്ഞു. അതേ സമയം കെഎസ്‌യു നേതാവ് അൻസിൽ ജലീലിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നായിരുന്നു വിസിയുടെ മറുപടി.
പരീക്ഷ കണ്‍ട്രോളര്‍ വിഷയത്തില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തെറ്റ് ചെയ്‌തവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ ഔദ്യോഗിക പരാതി ലഭിച്ചിരുന്നുവെന്നും അന്‍സിൽ ജലീൽ തെറ്റ് ചെയ്‌തിട്ടുണ്ടോയെന്നത് അറിയില്ലെന്നും വിസി പറഞ്ഞു. അയാളുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും തെറ്റ് ചെയ്യുന്നവര്‍ക്കായി ജയിലുകള്‍ തുറന്ന് കിടക്കുകയാണെന്നും വിസി പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരിച്ച് സിപിഐ: നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ മുഖപത്രത്തിൽ ആവശ്യപ്പെട്ടു. കോളജില്‍ നിന്ന് പരാജയപ്പെട്ട വിദ്യാര്‍ഥി അതേ കോളജില്‍ വ്യജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് കണ്ടെത്താന്‍ കഴിയാതെ പോയെങ്കില്‍ അതി ഗുരുതരമായ വീഴ്‌ചയാണെന്നും സിപിഐ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയെ അപ്രസക്തമാക്കുന്ന സംഭവമാണത്.
നിഖില്‍ തോമസിനെ കണ്ടെത്താന്‍ പ്രത്യേക സംഘം: വ്യാജ സർട്ടിഫിക്കറ്റ് വിഷയം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
മുഴുവന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്നതാണ് നിഖില്‍ തോമസിനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ നടപടി. അതേസമയം വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.
more read: Fake Certificate Controversy| 'നിഖിൽ തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണം, സംഭവം ദൗര്‍ഭാഗ്യകരം': സിപിഐ