തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്ന് ഗവർണർ പുറത്താക്കിയ 15 അംഗങ്ങൾ ഉൾപ്പെടെ പൂർണ്ണ സെനറ്റ് യോഗം. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇവർ തിരികെ എത്തുന്നത്. നേരത്തെ സർവകലാശാലയിലെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നിർണായക സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ല എന്ന് കാട്ടിയായിരുന്നു സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചത്.
സെനറ്റ് അംഗങ്ങൾ ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ കാരണം കാണിക്കൽ നോട്ടീസ് നൽകാതെയുള്ള ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ പോവുകയും അനുകൂലമായ വിധി നേടിയെടുക്കുകയുമായിരുന്നു. കേരള സർവകലാശാലയിലേക്ക് പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ വിളിച്ച യോഗത്തിൽ ഗവർണർ നാമനിർദേശം ചെയ്‌ത 13 പേരിൽ രണ്ടുപേർ മാത്രമായിരുന്നു പങ്കെടുത്തത്. തുടർന്ന് 11 പേരെയും നാലു വകുപ്പ് മേധാവികളെയും ചാൻസിലർ കൂടിയായ ഗവർണർ പുറത്താക്കുകയായിരുന്നു.
പക്ഷെ അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്‌ടർ വി പി മഹാദേവൻ പിള്ള ഉത്തരവിൽ വ്യക്തത തേടി ഗവർണർക്ക് കത്ത് നൽകി. എന്നാൽ തന്‍റെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ നിർദ്ദേശം. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന വാദത്തെ അംഗീകരിച്ചു കൊണ്ടാണ് ജസ്‌റ്റിസ് സതീഷ് നൈനാന്‍റെ ബെഞ്ച് മാർച്ച് 24ന് സെനറ്റിന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണന്നായിരുന്നു ഗവർണറുടെ വാദം. ഇതിനാൽ പ്രീതി പിൻവലിച്ചതെന്നായിരുന്നു കോടതിയെ അറിയിച്ചത്. എന്നാൽ വ്യക്തിപരമായി ഗവർണർക്ക് പ്രീതി പിൻവലിക്കാൻ അധികാരമില്ലെന്ന് കോടതി വിമർശിച്ചിരുന്നു. നാമനിർദ്ദേശം ചെയ്‌തവർ നിയമലംഘനം നടത്തിയാൽ മാത്രമേ പ്രീതി പിൻവലിക്കാൻ സാധിക്കൂ എന്നും നിലവിൽ അങ്ങനെയൊരു സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് വിഷയത്തിൽ ഗവർണർക്ക് ഏറ്റ തിരിച്ചടി ക്ഷീണം മാറുന്നതിന് മുമ്പാണ് കേരള സർവകലാശാല വിഷയത്തിലും ഹൈക്കോടതിയിൽ നിന്ന് ഗവർണർക്ക് എതിരായി ഉത്തരവ് വരുന്നത്. ഇന്ന് രാവിലെ 11 30നാണ് സർവകലാശാല സെനറ്റ് ഹാളിൽ വെച്ചാണ് യോഗം ചേരുന്നത്. സർവകലാശാലയുടെ ബഡ്‌ജറ്റ് അവതരണമാണ് മുഖ്യ അജണ്ട.
ഒടുക്കം വരച്ച വരയിൽ: സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാരിനെ ഏൽപ്പിച്ച് ഗവർണർ ഉത്തരവിറക്കിയതും കഴിഞ്ഞ ദിവസമാണ്. സർക്കാരിന് താത്പര്യമുള്ളവർക്ക് സർവകലാശാല വിസിയുടെ ചുമതല കൊടുക്കാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കി രാജ്ഭവൻ സർക്കാരിന് കത്തു നൽകി. കത്തിൽ ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥിനു ചുമതല നൽകാമെന്നുള്ള കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായി കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ വരച്ച വരയിൽ നിൽക്കാൻ ഗവർണർ വഴങ്ങിയത്. സാങ്കേതിക സർവകലാശാലയുടെ താത്കാലിക വിസി ചുമതലയിൽ നിന്നും ഡോ. സിസ തോമസ് വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു ഗവർണർ സർക്കാരിന് കത്ത് നൽകിയത്.
മുമ്പ് ഡോ. സജി ഗോപിനാഥിന് താത്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഗവർണർ അത് നിരസിച്ചിരുന്നു. സജി ഗോപിനാഥിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്ന് അന്ന് പറഞ്ഞ ഗവർണർ സജി ഗോപിനാഥിനെ സ്ഥാനത്തു നിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസും അയച്ചിരുന്നു.