തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. ഇന്നും നാളെയുമാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പവർ ഹൗസ് റോഡിലെ കവാടം വഴി മാത്രമായിരിക്കും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുക.
സെൻട്രലിൽ നിന്ന് ഇന്ന് സർവീസ് നടത്തേണ്ടിയിരുന്ന മലബാര്‍ എക്‌സ്‌പ്രസും ചെന്നൈ മെയിലും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും. പുലര്‍ച്ചെ 3.05ന് ചെന്നൈ മെയിലും രാവിലെ 6.45ന് മലബാർ എക്‌സ്‌പ്രസും യാത്ര പുറപ്പെട്ടു. കൊച്ചുവേളി സ്റ്റേഷനിലേക്കായിരിക്കും മടക്കയാത്രയും.
ഇന്നും നാളെയും കൊല്ലം-തിരുവനതപുരം എക്‌സ്‌പ്രസ് കഴക്കൂട്ടം സ്റ്റേഷനിൽ നിന്നാകും സർവീസ് നടത്തുക. കഴക്കൂട്ടം വരെയാകും മടക്കയാത്രയും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നാഗര്‍കോവില്‍ കൊച്ചുവേളി എക്‌സ്‌പ്രസ് നേമം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. നെയ്യാറ്റിന്‍കരയില്‍ നിന്നാവും മടക്കയാത്ര.
നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ അനന്തപുരി എക്‌സ്‌പ്രസ്, കന്യാകുമാരി പൂനെ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടാകും. വഞ്ചിനാട്, ഇന്‍റർസിറ്റി ട്രെയിനുകൾ നാളെ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തും. നാളെയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കര്‍മം നിർവഹിക്കുന്നത്.
Also Read: ഉദ്‌ഘാടന ദിവസം വന്ദേഭാരത് പ്രധാന സ്റ്റേഷനുകളിലെല്ലാം നിര്‍ത്തും
ഇതിന് മുന്നോടിയായാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ക്രമീകരണങ്ങൾ നടക്കുകയാണ്. പ്ലാറ്റ്‌ഫോമിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾക്കായി ശനിയാഴ്‌ച വന്ദേ ഭാരത് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് വന്ദേ ഭാരത് എക്‌പ്രസ് തിരുവനന്തപുരത്ത് എത്തിയത്.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ എത്തിയത്. പ്രധാനമന്ത്രി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഭാഗം ബാരിക്കേഡ് വച്ച് മറച്ചിട്ടുണ്ട്. നിലവിൽ റെയിൽവേ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗം പൂർണമായും ഒഴിപ്പിച്ചു. ഏപ്രില്‍ 25 വരെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നാണ് വിവരം.
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പ്രത്യേക വേദി ക്രമീകരിക്കും. വളരെ വേഗത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ അധികൃതർ. നാളെ രാവിലെ 10.30നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ്.
ശേഷം 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തുടർന്ന് കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനമടക്കം വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. പരിപാടിയില്‍ വിവിഐപികൾക്ക് അതീവ സുരക്ഷയോടും ജാഗ്രതയോടുമാണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്‌പിജി) കേരള പൊലീസും സുരക്ഷ ഒരുക്കുന്നത്.