തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പനച്ചമൂട്ടിലെ റോഡ് കേരള പൊലീസ് മണ്ണിട്ട് അടച്ചു. നിമിഷങ്ങള്‍ക്കകം തമിഴ്നാട് പൊലീസിന്‍റെ നേതൃത്വത്തിൽ ചില നാട്ടുകാര്‍ മണ്ണ് നീക്കം ചെയ്തു. എന്നാല്‍ മണിക്കൂറുകൾക്കകം വീണ്ടും കേരള പൊലീസ് സ്ഥലത്തെത്തി ബാരിക്കേഡുകള്‍ക്കൊണ്ട് റോഡ് അടച്ചു.
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തി പങ്കിടുന്ന ഗ്രാമപ്രദേശങ്ങളിലെ ഇടറോഡുകൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വെള്ളറട പൊലീസ് പനച്ചമൂട് പുളിമൂട്ടിൽ റോഡ് മണ്ണിട്ട് അടച്ചത്. ഒരു വിഭാഗം വ്യാപാരികളുടെയും, തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെയും ഇടപെടലിലൂടെയാണ് മണ്ണ് നീക്കം ചെയ്തത്. സ്ഥലത്തെത്തിയ തമിഴ്നാട് പൊലീസ് സംഘം മണ്ണിട്ട സ്ഥലം തമിഴ്നാടിന്‍റെ ഭാഗമാണെന്ന് ആരോപിച്ചാണ് മണ്ണ് നീക്കം ചെയ്തത്.
അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾക്ക് യാത്രാ സൗകര്യം നൽകുമെന്ന് കേരള പൊലീസ് ഉറപ്പ് നൽകിയ ശേഷം റോഡ് എല്ലാവരുടെയും സമ്മതത്തോടെ പൂർണമായും അടച്ചു. ഇതിനിടെ ചിലർ പ്രതിഷേധവുമായി എത്തിയത് നേരിയ സംഘർഷത്തിന് ഇടയാക്കി. വെള്ളറട ഗ്രാമപഞ്ചായത്തിന്‍റെ സമീപ പഞ്ചായത്തായ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലും, തമിഴ്നാട്ടിലെ പുലിയൂർ ശാല, വിളവൂർക്കൽ പഞ്ചായത്തുകളിലും ദിനംപ്രതി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ഇതിനോടകം കർശന നിയന്ത്രണം ഏർപ്പെടുത്തി.