തിരുവനന്തപുരം : സർക്കാരുകളുടെ ഇംഗ്ലീഷ് രേഖകളിൽ കേരള (Kerala) എന്ന പ്രയോഗം മാറ്റി കേരളം (Keralam) എന്നാക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ മാതൃഭാഷ നയത്തിന്റെ ഭാഗമായാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
കേരള എന്ന പേര് കേരളം എന്നാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഭാഷകളിലും മാറ്റം കൊണ്ടുവരണമെന്ന് പ്രമേയത്തിൽ ആവശ്യമുണ്ട്.
ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചത്. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ സംസ്ഥാനങ്ങളെ ഭാഷ അടിസ്ഥാനത്തിൽ നിർണയിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെന്നും എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഇത് ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കേരളം എന്നാക്കി അടിയന്തരമായി ഭേദഗതി വരുത്താൻ നടപടികൾ സ്വീകരിക്കണം. കേന്ദ്ര സർക്കാരിനോട് ഇത് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ എല്ലാ ഭാഷകളിലും കേരളം എന്ന് പേര് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയ അവതരണത്തിൽ ആവശ്യപ്പെട്ടു.
2016 ൽ ചേർന്ന നിയമസഭ സമ്മേളനത്തിൽ എംഎൽഎ എംഎം മണി ഇംഗ്ലീഷിലുള്ള രേഖകളിൽ കേരള (Kerala) എന്ന പേര് മാറ്റി കേരളം (Keralam) എന്നാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇത്തരം ഒരു നടപടി ഇതുവരെ ആലോചനയിൽ ഇല്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടി.
കേരളീയം പരിപാടിയുമായി സർക്കാർ : അതേസമയം സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെയും പ്രശ്നങ്ങളുടെയും ചർച്ചയും പ്രദർശനവും കലാ പരിപാടികളും ഉൾപ്പെടുത്തി കേരളീയം പരിപാടി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. നവംബർ ഒന്ന് മുതൽ ഒരാഴ്ചത്തേക്ക് തലസ്ഥാനത്ത് പരിപാടി നടത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി ഓഗസ്റ്റ് 14 ന് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ സംഘാടക സമിതി യോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കർ, മറ്റ് മന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദൻ, എ കെ ആന്റണി, തലസ്ഥാന ജില്ലയിലെ എംഎൽഎമാർ, എംപിമാർ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
14 ന് ചേരുന്ന യോഗത്തിൽ വേദി, പരിപാടികൾ ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനമാകും. നവംബർ 1 മുതൽ ഒരാഴ്ചത്തേക്ക് നടക്കുന്ന പരിപാടിയിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ദീപാലങ്കാരം നടത്തി നഗരത്തിൽ ഉത്സവം പ്രതീതി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.