തൊഴില്‍ ലഭ്യതയ്ക്കും സാമൂഹ്യ ക്ഷേമത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കി പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഡിജിറ്റല്‍ സാമ്പത്തിക-വിദ്യാഭ്യാസ രംഗത്തിന്‍റെ ശക്തിപ്പെടുത്തലിനും വീടുകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കാനും പ്രത്യേക പദ്ധതികള്‍. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന. ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൈത്താങ്ങ്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായും പ്രത്യേക പദ്ധതികള്‍. വീടുകള്‍ നിര്‍മിച്ച് നല്‍കാനും വിദ്യാഭ്യാസത്തിനും തുക വകയിരുത്തി. വയോജനങ്ങള്‍ക്കും കൈത്താങ്ങായി പ്രഖ്യാപനങ്ങള്‍. മത്സ്യമേഖലയേയും തീരപ്രദേശത്തെയും കൈവിടാതെ ബജറ്റ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ ബജറ്റില്‍ നികുതിയിളവുകള്‍ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കി. വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ നിലവില്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴില്‍ ലഭ്യതക്ക് ഊന്നല്‍ നല്‍കിയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. തൊഴില്‍ അന്വേഷകര്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. 50 ലക്ഷം അഭ്യസ്ഥ വിദ്യര്‍ക്ക് കെ-ഡിസ്‌ക് വഴി പരിശീലനം നല്‍കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി (വര്‍ക്ക് ഫ്രം ഹോം) പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. വര്‍ക്ക് സ്റ്റേഷന്‍ സൗകര്യം ഒരുക്കും.
സ്‌കൂളുകളിലെ ഡിജിറ്റലൈസേഷന്‍ വീടുകളിലേക്കും എത്തിത്തുടങ്ങി. ഇതിനായി എല്ലാ വീട്ടിലും ഒരു ലാപ്ടോപ് ഉറപ്പുവരുത്തും. ഇതിനായി 100 ദിന പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്ടോപ് വിതരണ പദ്ധതി വിപുലീകരിക്കും. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലക്ക് ലാപ്ടോപ് ലഭ്യമാക്കും. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 25 ശതമാനം സബ്സിഡി നല്‍കും. കെ ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ഉറപ്പാക്കും. ഇന്‍റര്‍നെറ്റ് സര്‍വീസ് ആരുടെയും കുത്തകയാകില്ല. തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് ഫെബ്രുവരിയില്‍ ക്ഷേമനിധി ആരംഭിക്കും. ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി വ്യക്തമാക്കി. മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ഉറപ്പാക്കും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. മറ്റ് പെന്‍ഷനുകളില്ലാത്തവര്‍ക്ക് 60 വയസ് മുതല്‍ പെന്‍ഷന്‍ നല്‍കും. കൊവിഡ് കാലത്ത് സാധാരണക്കാരന് കൈത്താങ്ങായ ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 15 രൂപക്ക് 10 കിലോ അരി കൂടി നല്‍കും. ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ആശ്വാസമായി ലൈഫ് മിഷനില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മിച്ച് നല്‍കും. ഇതില്‍ 60,000 വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗത്തിലുള്ളവര്‍ക്കുമാണ് നല്‍കുക. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. 6000 കോടി രൂപ ലൈഫ് പദ്ധതിക്കാകും. ഇതില്‍ 1000 കോടി ബജറ്റില്‍ വകയിരുത്തി. ബാക്കി വായ്പ എടുക്കും. 40000 പട്ടിക ജാതിക്കാർക്കും 12000 പട്ടിക വർഗ്ഗക്കാർക്കും വീട് അനുവദിച്ചു. ഇതിനായി 2080 കോടി രൂപ ചെലവ് വരുമെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
വയോജനങ്ങളുടെ ക്ഷേമത്തിനായി കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. ഇതിലൂടെ മരുന്നുകള്‍ വീട്ടിലെത്തിക്കും. എല്ലാ വാര്‍ഡുകളിലും വയോ ക്ലബ് രൂപീകരിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായും പദ്ധതികള്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കും. ജോലിയില്ലാത്തവര്‍ക്കും വരുമാനമില്ലാത്തവര്‍ക്കും നേരിട്ട് സഹായം എത്തിക്കും.
സ്കൂളുകളിലെ പാചക തൊഴിലാളികളുടെ ദിവസ വേതനം 50 രൂപ വർദ്ധിപ്പിക്കും. അംഗന്‍വാടി ടീച്ചര്‍മാരുടെ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ആശാ വര്‍ക്കര്‍മാരുടെ അലവന്‍സ് 1000 രൂപ കൂട്ടി. കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി തുടരും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കി. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പെന്‍ഷന്‍ 300 രൂപയാക്കിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.