തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള കൊവിഡ് സഹായങ്ങള്‍ക്കായി സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സഹായങ്ങളുടെ ഏകോപനത്തിനാണ് മൂന്ന് ഐഎഎസ് ഉദ്യേഗസ്ഥര്‍ അടങ്ങിയ സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനായിരിക്കും സ്‌പെഷ്യല്‍ സെല്ലിന്‍റെ ചുമതല. എസ് കാര്‍ത്തികേയന്‍ (99447711921), കൃഷ്ണ തേജ (940098611) എന്നിവരാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥർ.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മരുന്നും മറ്റ് അവശ്യ ഉപകരണങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലെത്തുന്ന വസ്‌തുക്കള്‍ക്ക് ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കും. കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിക്കുവാനുള്ള ശ്രമം നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ചിട്ടുണട്. ഈ ഉദ്യമത്തില്‍ പങ്കു ചേരണമെന്ന് എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Read More:സംസ്ഥാനത്ത് 41,971 പേര്‍ക്ക് കൂടി കൊവിഡ് ; 64 മരണം
അതേസമയം ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സര്‍ക്കാര്‍ അറുന്നൂറോളം തടവുകാർക്ക് 15 ദിവസം പരോള്‍ അനുവദിച്ചു. കൊവിഡ് ഒന്നാം വ്യാപന ഘട്ടത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി ശിക്ഷാ തടവുകാര്‍ക്ക് പരോള്‍, വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങള്‍ക്ക് ഉത്തരവ് നല്‍കുകയും 1800-ഓളം തടവുകാര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ന് സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്‌ജി ഉള്‍പ്പെടുന്ന സമിതി ഇക്കാര്യം പരിശോധിക്കും. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600-ലധികം വിചാരണാ, റിമാന്‍റ് തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാമെന്നും ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.