തിരുവനന്തപുരം: തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സംസ്ഥാന- ദുരന്ത നിവാരണ നിധിയിലൂടെ ദുരിതാശ്വാസ വിതരണത്തിനുള്ള മാനദണ്ഡങ്ങൾ പുതുക്കുമ്പോൾ സഹായം ഇരട്ടിപ്പിക്കണമെന്നും അഭ്യർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തീരശോഷണത്തെ സംസ്ഥാനം ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ സഹായം എത്തിക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് കലക്ടർ
കടൽക്ഷോഭം അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ ജീവനും സ്വത്തും നഷ്ടമാവുന്ന തീരവാസികൾക്ക് സംസ്ഥാനതല ദുരന്തം എന്ന നിലയിൽ 10 ശതമാനം തുക മാത്രം ലഭ്യമാക്കാനാണ് അനുമതിയുള്ളത്. ഈ പശ്ചാത്തലത്തിലാണ് തീരശോഷണത്തെ കേന്ദ്രം ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യമുന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയുള്ളതിനാൽ മെയ് 29 വരെ കേരള തീരത്ത് നിന്ന് കടലിൽ പോകരുത്. ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.