തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ അധ്യയന വര്‍ഷത്തെ ക്രിസ്‌മസ് പരീക്ഷ (Kerala Second Terminal Christmas Exam 2023) ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. എൽപി വിഭാഗത്തിന് ഡിസംബര്‍ 15 മുതൽ 21 വരെയും യുപി വിഭാഗത്തിന് 13 മുതൽ 21 വരെയും ഹൈസ്‌കൂൾ വിഭാഗത്തിന് 13 മുതൽ 21 വരെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 12 മുതല്‍ 22 വരെയുമാണ് പരീക്ഷ നടക്കുക. മാറ്റിവെക്കുന്ന പരീക്ഷകൾ ഡിസംബര്‍ 22 ന് അതാത് സ്‌കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി നടത്താനാണ് നിർദേശം.
മാറ്റിവെയ്‌ക്കുന്ന പരീക്ഷകൾ 22ന്: ഹയര്‍സെക്കെണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9:30 മുതല്‍ ഉച്ചയ്‌ക്ക് 12:45 വരേയും പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷ നടക്കുക. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പ്രാദേശിക അവധി പ്രഖ്യാപിക്കുന്ന സ്‌കൂളുകളിൽ പിന്നീട് സ്‌കൂൾ തലത്തിൽ തന്നെ ചോദ്യ പേപ്പർ തയ്യാറാക്കി നടത്താനാണ് നിർദേശം. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ഡിസംബർ 15 ന് നിശ്ചയിച്ചിട്ടുള്ള പരീക്ഷ 22 ന് നടത്തും.
സമയക്രമം ഇങ്ങനെ: എൽപി/യുപി പരീക്ഷയ്‌ക്ക് രണ്ട് മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കും. രാവിലെ 10:00 മുതൽ 12:15 വരെയും ഉച്ചയ്‌ക്ക് 1:30 മുതൽ 3:45 വരെയുമായിരിക്കും പരീക്ഷ. 15 മിനിറ്റ് കൂൾ ഓഫ് ടൈമും അനുവദിക്കും. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുള്ള പരീക്ഷ 2:00 മുതൽ 4:15 വരെ ആയിരിക്കും. ഒന്ന്, രണ്ട് ക്ലാസുകളിലെ പരീക്ഷയ്‌ക്ക് സമയക്രമം നൽകിയിട്ടില്ല. മൂന്ന്, നാല് ക്ലാസുകളിൽ രാവിലെ ആയിരിക്കും നടക്കുക.
ഹൈസ്‌കൂൾ വിഭാഗങ്ങളിൽ രണ്ടര മണിക്കൂർ ദൈർഘ്യത്തിലായിരിക്കും പരീക്ഷ നടക്കുക. കൂൾ ഓഫ് ടൈം അനുവദിക്കും. ഹൈസ്‌കൂൾ വിഭാഗങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെ പരീക്ഷ ഡിസംബർ 22 ന് നടത്താനാണ് നിർദേശം.
ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രാക്‌ടിക്കലില്ലാത്ത വിഷയങ്ങൾക്ക് രണ്ടേ മുക്കാൽ മണിക്കൂറും ബയോളജിയും മ്യൂസികും ഒഴികെയുള്ള വിഷയങ്ങൾക്ക് രണ്ടേ കാൽ മണിക്കൂറുമായിരിക്കും സമയം അനുവദിക്കുക. ബയോളജിക്ക് 2 മണിക്കൂർ 25 മിനിറ്റും മ്യൂസിക്കിന് ഒന്നേ മുക്കാൽ മണിക്കൂറുമായിരിക്കും സമയക്രമം. 15 മിനിറ്റ് കൂൾ ഓഫ് ടൈം അനുവദിക്കും. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയും പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷ നടക്കുക. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 2:00 ന് ആണ് നടക്കുക.
മുൻ വർഷങ്ങളിലേതിന് സമാനമായി സർക്കാർ തന്നെ ചോദ്യ പേപ്പർ തയ്യാറാക്കി നൽകും. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രണ്ടാം പാദ വാർഷിക പരീക്ഷയെ സംബന്ധിച്ച തീരുമാനമുണ്ടായത്.
Also read: ക്രിസ്‌മസ് പരീക്ഷ ടൈം ടേബിൾ റെഡി: ഡിസംബർ 12 മുതൽ 22 വരെ