തിരുവനന്തപുരം: എല്ലാവര്‍ഷവും കാണുന്നതുപോലെയുള്ള കരച്ചിലോ വാശിയോ ഒന്നും ഇക്കുറി ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്കോ ആദ്യമായി സ്കൂളിലെത്തിയ രണ്ടാം ക്ലാസുകാര്‍ക്കോ കണ്ടില്ല. മറിച്ച് സ്നേഹത്തോടെയുള്ള നോട്ടവും പരസ്പരം തൊടാതെയുള്ള സ്നേഹം പങ്കു വയ്ക്കലും മാത്രം.
കഴിഞ്ഞ ആറുമാസമായി ഓണ്‍ലൈനില്‍ കൂടി മാത്രം കണ്ടുപരിചയമുള്ളവര്‍ നേരിട്ട് കണ്ടപ്പോള്‍ ചിലര്‍ക്ക് കൗതുകം, മറ്റു ചിലര്‍ക്ക് സന്തോഷം. അത്രമേല്‍ സ്നേഹം പ്രകടിപ്പിച്ച് ഒന്ന് കെട്ടിപ്പിടിക്കാമെന്ന് വിചാരിച്ചവരെ ടീച്ചര്‍മാര്‍ കണ്ണുരുട്ടി പേടിപ്പിച്ചു. അല്ലെങ്കിലും കൊറോണയല്ലേ... അതൊക്കെ കഴിയട്ടെയെന്ന് കുരുന്നുകളും കരുതി. ഗൂഗിള്‍ മീറ്റിലൂടെയും വാട്സ് ആപ്പിലൂടെയും പരിചയമുള്ളവരാണെങ്കിലും ഒന്ന് മാസ്ക് മാറ്റി പുഞ്ചിരിക്കാതെ അവര്‍ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചു.
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളിലെത്തിയ കുരുന്നുകള്‍ ആഹ്ളാദത്തിലാണ്. എല്ലാവര്‍ഷവും ജൂണ്‍ ഒന്നിന് തുറക്കുന്ന സ്കൂള്‍ കൊവിഡ് മഹാമാരി മൂലം ഇക്കുറി നവംബര്‍ ഒന്നിന് തുറന്നപ്പോള്‍ സംസ്ഥാനത്തിന് അത് പുതു ചരിത്രമായി. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന സംസ്ഥാനത്തെ ഒരു കുട്ടി പോലും സ്കൂളിലിരുന്ന് പഠിച്ചിട്ടില്ല. ഒന്നാം ക്ലാസുകാരെ പോലെ ഇക്കുറി അവര്‍ക്കും സ്കൂള്‍ അത്ഭുത ലോകമായി. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കൊവിഡ് ചട്ടങ്ങളും പാലിച്ചുക്കൊണ്ടാണ് സംസ്ഥാനത്തെ അധ്യാപകരും രക്ഷിതാക്കളു കുഞ്ഞുങ്ങളും പുതു ചരിത്രത്തിന് സാക്ഷിയായത്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ എട്ടരയ്ക്ക് സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നു. ഒരു ക്ലാസ് മുറിയില്‍ 20 കുട്ടികള്‍ക്കാണ് പ്രവേശനം. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ഇത് രണ്ട് ഷിഫ്റ്റ് ആയിരിക്കും. ആദ്യ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്ലാസുകള്‍. സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും. സ്‌കൂള്‍ അന്തരീക്ഷവുമായി ഇണങ്ങാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യ ആഴ്ചകളില്‍ നടക്കുക.