തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ (ബുധനാഴ്‌ച) തുറക്കും. ഇതിന്‍റെ ഭാഗമായി 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. കൊവിഡ് വെല്ലുവിളികളെ അതിജീവിച്ചാണ് സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടക്കുന്നത്.
42.9 ലക്ഷം വിദ്യാര്‍ഥികളും, 1.8 ലക്ഷം അധ്യാപകരും, കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ എത്തുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
നാളെയോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക കണക്ക് പുറത്തുവരും. സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി ഒന്നാം വാള്യം പാഠപുസ്‌തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളില്‍ എത്തിച്ചു കഴിഞ്ഞു.
ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, കായികമേള, പ്രവൃത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിനായി 6.7 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്‌കൂളില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും. മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ സ്‌കൂള്‍ മാനുവല്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
Also Read: 'ജാഗ്രത കൈവിടരുത്, മാസ്‌ക് മുഖ്യം': സ്‌കൂള്‍ തുറക്കലില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്