തിരുവനന്തപുരം : രണ്ട് വർഷത്തെ കൊവിഡ് കാലത്തിന് ശേഷം കലോത്സവത്തിന്‍റെ തിരശീല ഉയരുമ്പോൾ പുലരുന്നത് കേവലം വിദ്യാർഥികളുടെ വാസനകള്‍ മാത്രമല്ല. കലയോടൊപ്പം നീങ്ങുന്ന മേക്കപ്പ് കലാകാരരുടെ ജീവിതവുമാണ്.
കൊവിഡ് മഹാമാരി മൂലം കലോത്സവവേദികൾ നിശ്ചലമായപ്പോൾ നിറം മങ്ങിയതാണ് ഈ രംഗം. അന്ന് നിലച്ചതാണ് മേക്കപ്പ് തൊഴിലിലൂടെ ജീവിക്കുന്ന ഇവരുടെ വരുമാനവും. കോവിഡ് മാറി ഓഫ് ലൈൻ ക്ലാസുകൾ വന്നെങ്കിലും കലോത്സവ വേദികൾക്കായി വീണ്ടും കാത്തിരിക്കേണ്ടി വന്നു.
കലോത്സവത്തിൽ കർട്ടന്‍ ഉയരുമ്പോൾ തങ്ങളുടെ ജീവിതത്തിന് വീണ്ടും നിറം കൂട്ടുകയാണിവിടെ മേക്കപ്പ് കലാകാരര്‍. കലോത്സവങ്ങളുടെ തിരിച്ചുവരവ് പുത്തനുണർവാണ് ഇവർക്ക് നൽകുന്നത്. ഹാസ്യവും രൗദ്രവും ഭയവും സങ്കടവും സന്തോഷവും എല്ലാം ഇവരുടെ കൈകളിലൂടെ ഇനി മിന്നിമറയും.