തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഫണ്ടും കേന്ദ്ര സർക്കാർ ഫണ്ടും ഉപയോഗിച്ചുള്ള രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ (റൂസ) പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്തെ ആറ് സർവകലാശാലകളുടെയും 22 സർക്കാർ എയ്‌ഡഡ് കോളജുകളുടെയും അക്കാദമിക് പശ്ചാത്തല സൗകര്യങ്ങൾ വിപുലീകരിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യഘട്ടത്തിൽ 194 കോടിയും രണ്ടാം ഘട്ടത്തിൽ 374 കോടിയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിൽ 227 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പ്രവൃത്തി പൂർത്തിയായ 29 കോളജുകളിലെ പദ്ധതികൾ ഫെബ്രുവരി 28 മുതൽ വിവിധ ജില്ലകളിൽ ഉദ്ഘാടനം ചെയ്യും. 28 ന് തൃശൂർ സെൻ്റ് മേരീസ് കോളജ് (രാവിലെ 9.30), ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളജ് (ഉച്ചയ്ക്ക് 12), പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് (ഉച്ചയ്ക്ക് 2:30), മാള കാർമൽ കോളജ് (വൈകിട്ട് 3:30) എന്നിവിടങ്ങളിൽ പൂർത്തീകരിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
രണ്ടാം ഘട്ടം നാല് ഘടകങ്ങളുൾപ്പെട്ടത്
സർക്കാരിൻ്റെ രണ്ടാം നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത് വിഭാവനം ചെയ്‌തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ആറ് സർവകലാശാലകൾക്ക് 20 കോടി രൂപവീതവും, 22 സർക്കാർ എയ്‌ഡഡ് കോളജുകൾക്ക് രണ്ട് കോടി രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. പശ്ചാത്തല സൗകര്യ വികസനം, കലാലയങ്ങളെ മോഡൽ കോളജുകളാക്കി മാറ്റൽ, ഭിന്നശേഷി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും തുല്യതാസംരംഭങ്ങൾ, അധ്യാപക ഗുണമേന്മാവർധനവിനുള്ള പരിശീലന പരിപാടികൾ, അന്തർദേശീയ- ദേശീയ സെമിനാറുകളും ശില്‍പശാലകളും എന്നിവ അടങ്ങുന്നതാണ് ഒന്നാം ഘട്ടം.
ഗുണനിലവാരം ഉയർത്തൽ, സ്വയംഭരണ കോളജുകളുടെ മികവ് കൂട്ടൽ, പുതിയ മോഡൽ കോളജുകൾ ആരംഭിക്കൽ, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കൽ എന്നീ നാല് ഘടകങ്ങളുൾപ്പെട്ടതാണ് രണ്ടാം ഘട്ടമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ALSO READ: തിരുവനന്തപുരം നഗരത്തിൽ വീണ്ടും അരുംകൊല; ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി