തിരുവനന്തപുരം: പരിസ്ഥിതി ആഘാത ഭേദഗതി(ഇ.ഐ.എ) ബില്ലില്‍ കേരളം കേന്ദ്രത്തെ ഇന്ന് നിലപാട് അറിയിക്കും. അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കാന്‍ വൈകുന്നതിനെതിരെ പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. നിയമ ഭേദഗതിയില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതി മൂന്ന് മാസം മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതിനെ സംബന്ധിച്ച് വിദഗ്ദ്ധരുമായി ആലോചിക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. വന്‍കിട പദ്ധതികള്‍ക്ക് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ലഭിക്കാന്‍ നേരത്തെയുണ്ടായിരുന്ന ജില്ല തല പരിസ്ഥിതി ആഘാത നിര്‍ണയ സമിതികള്‍ പുനസ്ഥാപിച്ച് ഹിയറിങ് നടത്തണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും. കൂടാതെ കരടിലെ വൈരുദ്ധ്യങ്ങളും ഇതു സംബന്ധിച്ച ആശങ്കയും കേന്ദ്രത്തെ അറിയിക്കാനാണ് തീരുമാനം.
വിജ്ഞാപനത്തെ മൊത്തമായി എതിര്‍ക്കേണ്ടെന്ന നിലപാടിലാണ് വനം വകുപ്പെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പരിസ്ഥിതി ആഘാത ദേദഗതി ബില്ലിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ബില്ലില്‍ എതിര്‍പ്പ് അറിയിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പയെൻ നടക്കുകയാണ്. വന്‍കിട വികസന പദ്ധതികള്‍, ഖനനം, തുറമുഖ നിര്‍മാണം തുടങ്ങിയവയ്ക്ക് പരിസ്ഥിതി ആഘാത പഠനം വേണ്ടെന്ന് വയ്ക്കുകയോ നാമമത്രമായി ചുരുക്കുകയോ ചെയ്യുന്നതാണ് പുതിയ ഭേദഗതി. വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്ന വിമര്‍ശനമാണ് ഉയരുന്നത്.