തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ കേരളത്തിന് വാക്‌സിൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന കേരളത്തിൽ രോഗ വ്യാപന നിയന്ത്രണത്തിന് വാക്‌സിൻ ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര സർക്കാരിനെ സംസ്ഥാനം രേഖാമൂലം അറിയിച്ചു. 5,00,000 വാക്‌സിനാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശാവർക്കർമാർ, വയോധികര്‍ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. ജീവിതശൈലി രോഗങ്ങൾ ആശങ്കയുയർത്തുന്ന കേരളത്തിൽ വാക്‌സിൻ എത്രയും വേഗം ലഭിക്കണമെന്നതിന്‍റെ ആവശ്യകതയും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. വരുംദിവസങ്ങളിൽ കൊവിഡ് രോഗവ്യാപനം ഇനിയും തീവ്രമാകും എന്നാണ് വിദഗ്‌ധ സമിതിയുടെ വിലയിരുത്തൽ.