തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് ശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യുനമര്‍ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിന് മുകളിലും ചക്രവാതചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെയെല്ലാം സ്വാധീനം കൊണ്ടാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് പുലര്‍ച്ചെ മുതല്‍ സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. സജീവമായി തന്നെ മലയോര മേഖലകളിലും മഴ പെയ്യുന്നുണ്ട്.
അതി തീവ്രമഴയുടെ സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ള കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ മഴ ശക്തമാകും: വരുന്ന മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യത. ഇവിടങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മറ്റ് ജില്ലകളില്‍ മണിക്കൂറില്‍ 46 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും നിലവില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യത: കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ജൂണ്‍ 05ന് രാത്രി 11.30 വരെ 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടര്‍ന്ന് മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്.
ജില്ല കലക്‌ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിരിക്കാന്‍ ജില്ല കലക്‌ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യത്തില്‍ വേഗത്തിലുള്ള നടപടികള്‍ ഉറപ്പാക്കാനാണ് നിര്‍ദേശം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പ്രത്യേക ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്കുതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഏഴ് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ ആവശ്യമെങ്കില്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവയും താത്‌കാലികമായി നിരോധിച്ചു.
മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി: പത്തനംതിട്ട മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 10 സെന്‍റി മീറ്ററാണ് ഉയര്‍ത്തിയത്. കക്കാട്ടാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, ജില്ലയിലെ പ്രധാന ഡാമുകളായ പമ്പ, കക്കി, ആനത്തോട് എന്നീ ഡാമുകളിൽ ജലനിരപ്പ് നിലവിൽ സംഭരണ ശേഷിയുടെ 20 ശതമാനത്തോട് അടുക്കുന്നതേയുള്ളൂ.