തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് (ഓഗസ്റ്റ് 2) ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലായിരുന്നു മഴ. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ വരും ദിവസങ്ങളില്‍ ശക്തമായി തുടരും. ഈ സാഹചര്യത്തില്‍ ഇന്ന് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയാണിത്. കൊല്ലത്തും തിരുവനന്തപുരത്തും തൃശൂരും പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. എം.ജി, കാലടി സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. വലിയ ഡാമുകള്‍ ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
വരും മണിക്കൂറില്‍ ശക്തമായ മഴ: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഈ രൂപത്തില്‍ മഴ പെയ്യാനാണ് സാധ്യത. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഈ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.