തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala Rain Update). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് (yellow alert district Kerala).
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് രാത്രി 11.30 വരെ 0.9 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 0.8 മുതൽ 2.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് (Weather update Kerala).
ഇന്നലെ തിരുവനന്തപുരത്ത് രാവിലെ മുതൽ തോരാതെ പെയ്‌ത മഴയിൽ വിവിധ ഇടങ്ങളിൽ അപകടങ്ങളും റിപ്പോർട്ട് ചെയ്‌തു. രാവിലെ 8 മണിക്ക് മണ്ണന്തല മുക്കോല പണ്ടാരവിളയിൽ തെങ്ങ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. തിരുമല വിജയ മോഹിനി മില്ലിന് സമീപം മിലിറ്ററി കാന്‍റീന് മുകളിലൂടെ മരം കടപുഴകി വീണു. പട്ടം തേക്കുംമൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി.
200ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശം നൽകി.