തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ടിട്ടുള്ള അന്തരീക്ഷ ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ചില ജില്ലകളില്‍ 20 സെന്‍റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒക്ടോബര്‍ 14 വരെയും പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 15 വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ 14 വരെയും കണ്ണൂരില്‍ 15 വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് മുന്നറിയിപ്പ് നൽകി.
Also Read: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം