തിരുവനന്തപുരം: Kerala Police: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സെല്‍ഫ് ഡിഫൻസ് ട്യൂട്ടോറിയൽ വീഡിയോ സീരീസുമായി പൊലീസ്. സ്ത്രീകൾക്ക് സ്വയം പ്രതിരോധ ശേഷി കൈവരിക്കുന്നതിനുള്ള പരിശീലന വീഡിയോയാണ് പൊലീസ് ഒരുക്കുന്നത്. ഒറ്റപ്പെട്ട അവസ്ഥയിൽ അക്രമം നേരിടേണ്ടി വന്നാൽ എങ്ങനെ സ്വയം പ്രതിരോധിക്കാം, അതിക്രമങ്ങളെ എങ്ങനെ ആത്മവിശ്വാസത്തോടെ നേരിടാം തുടങ്ങിയ കാര്യങ്ങൾ വെബ് സീരിയസായി പുറത്തിറക്കും.
Adithada Self Defence Tutorial Series For Woman: കേരള പൊലീസ് വനിതാ സെല്‍ഫ് ഡിഫൻസ് ടീമിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പരിശീലനം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സ്ത്രീകൾക്ക് സൗജന്യമായി നൽകുന്നുണ്ട്. അത് കൂടാതെയാണ് പുതിയ പദ്ധതി. കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യാറാക്കുന്ന 'അടിതട' എന്ന സെല്‍ഫ് ഡിഫൻസ് ട്യൂട്ടോറിയൽ വീഡിയോ സീരീസ് നാളെ മുതൽ കേരള പൊലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യും.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും വളരെയധികം പ്രയോജനം ചെയ്യുന്ന ഈ പദ്ധതി കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ മനോജ് എബ്രഹാം ഐപിഎസിന്‍റെ നേതൃത്വത്തിലാണ് തയാറാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ സെൽ ഉദ്യോഗസ്ഥനായ അരുൺ ബി.ടി ആണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സെല്‍ഫ് ഡിഫൻസ് ടീം അംഗങ്ങളായ ജയമേരി, സുൽഫത്, അനീസ്ബാൻ, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നൽകുന്നത്.