തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഇടതുമുന്നണിക്ക് നൽകിയത് വലിയ പിന്തുണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഇടതുപക്ഷത്തിനെതിരെ വലിയ ദുഷ്പ്രചാരണങ്ങൾ ആണ് ഈ പ്രാവശ്യം ഉണ്ടായതെന്നും എന്നാൽ കേരളത്തിലെ ജനങ്ങൾ സംസ്ഥാന സർക്കാരിനോടുള്ള വിശ്വാസവും പിന്തുണയും പ്രകടിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
വളരെ പ്രയാസകരമായ കാലഘട്ടത്തെയാണ് സർക്കാർ അഭിമുഖീകരിച്ചതെന്നും ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരു തരത്തിലും മാറ്റി വയ്‌ക്കാത്ത സർക്കാരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ചു വികസന പ്രവർത്തനങ്ങളെ തടയിടാനും ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരേ സമയം ബിജെപിയുമായും വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് കൂട്ടുക്കെട്ടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.