തിരുവനന്തപുരം: സഭയില്‍ ചര്‍ച്ച ചെയ്‌ത അടിയന്തര പ്രമേയങ്ങളുടെ കണക്ക് നിരത്തി പ്രതിപക്ഷത്തെ നേരിടാനുള്ള നിയമന്ത്രി പി രാജീന്‍റെ ശ്രമം പുച്ഛിച്ചു തള്ളി പ്രതിപക്ഷം. ചട്ടം 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭ സ്‌തംഭനം തുടരവെയാണ് മന്ത്രിയുടെ ഇടപെടല്‍. നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്‌ത അടിയന്തര പ്രമേയങ്ങളെക്കുറിച്ചല്ല തങ്ങള്‍ പറയുന്നതെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാനുള്ള അവകാശത്തെക്കുറിച്ചാണെന്നും ചൂണ്ടിക്കാട്ടി രാജീവിന്‍റെ വാദങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളി.
'പ്രതിപക്ഷത്തിന് ഇതുപോലെ മറ്റൊരവസരം ലഭിച്ചിട്ടില്ല': കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ 34 അടിയന്തര പ്രമേയങ്ങളാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്‌തിട്ടുള്ളതെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ 10 എണ്ണവും പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ 15-ാം കേരള നിയമസഭയില്‍ രണ്ടുവര്‍ഷം കൊണ്ട് രണ്ട് അടിയന്തര പ്രമേയങ്ങളാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്‌തത്. അതായത് വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കില്‍ അടിയന്തര പ്രമേയങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്‌തിട്ടുണ്ട്. ഇത്രമാത്രം ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ പ്രതിപക്ഷത്തിന് മറ്റൊരവസരം ലഭിച്ചിട്ടില്ല.
കേരള നിയമസഭ സംബന്ധിച്ച പഠനങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ തവണ സഭ ചേര്‍ന്നതും നിയമനിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ വിനിയോഗിച്ചതും രണ്ട് പിണറായി സര്‍ക്കാരുകളുടെ കാലത്താണ് എന്നാണ്. എന്നിട്ടാണ് പ്രതിപക്ഷം അത്തരം ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തുന്നത്. ഇപ്പോഴത്തെ പ്രതിപക്ഷത്തിന് നന്നായി ഒരു അടിയന്തര പ്രമേയ നോട്ടിസ് പോലും തയ്യാറാക്കാനറിയില്ല. രണ്ടാഴ്‌ച മുന്‍പ് നടന്ന ഒരു സംഭവം എങ്ങനെയാണ് അടിയന്തര പ്രാധാന്യമുള്ള വിഷയമാകുക. നിയമസഭ ചട്ടം 352, 353 പ്രകാരം അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിനുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
'പ്രതിപക്ഷം വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല': രണ്ടാഴ്‌ച മുന്‍പ് നടന്ന ഒരു സംഭവം അടിയന്തര പ്രാധാന്യമുള്ളതല്ല എന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടാണ് രണ്ടാഴ്‌ച മുന്‍പ് ചേങ്കോട്ടുകോണത്ത് നടന്ന സംഭവം പ്രതിപക്ഷം അടിയന്തിര നോട്ടിസില്‍ വിഷയമാക്കിയത്. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് സഭയില്‍ ചര്‍ച്ച നടന്നുവരവേ അത്തരം വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ പാടില്ല. എന്നിട്ടും ജിഎസ്‌ടി സംബന്ധിച്ച വിഷയം സഭയില്‍ അടിയന്തര നോട്ടിസായി പ്രതിപക്ഷം നല്‍കി. ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് അടിയന്തര പ്രമേയ നോട്ടിസ് തയ്യാറാക്കുന്നതില്‍ പോലും പ്രതിപക്ഷം വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്നാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പ് പ്രതിപക്ഷ നേതാക്കളായിരുന്നപ്പോള്‍ എങ്ങനെയാണ് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചിരുന്നത്?. ഏതെല്ലാം വിഷയങ്ങളാണ് നല്‍കിയിരുന്നത്?. അതിന് ചട്ടങ്ങളെന്തൊക്കെയാണ് നല്‍കിയിരുന്നത് എന്ന് ഇപ്പോഴത്തെ പ്രതിപക്ഷത്തിന് മനസിലാക്കാന്‍ സാധിച്ചാല്‍ തന്നെ കുറേയെറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നും രാജീവ് പറഞ്ഞു. എന്നാല്‍, തങ്ങള്‍ അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്‌ത സംഭവത്തെ കുറിച്ചല്ല. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നല്‍കുന്ന നോട്ടിസ് അവതരിപ്പിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്നു എന്നാണെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.