തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. കിഫ്ബി ധനവിനിയോഗം സംബന്ധിച്ച് സര്‍ക്കാര്‍ തയ്യാറാക്കി സി.എ.ജിക്കു സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയെന്നാരോപിച്ച് വി.ഡി സതീശന്‍ എംഎല്‍എ അവകാശ ലംഘന നോട്ടീസ് നല്‍കി. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഗുരുതരമായ അവകാശ ലംഘനമാണ്. റിപ്പോര്‍ട്ടുമായി മന്ത്രി ചാനലുകളില്‍ ചര്‍ച്ചയ്ക്കു പോയത് നിയമസഭയുടെ അന്തസ് കളങ്കപ്പെടുത്തുന്ന നടപടിയാണ്. ഇതു കണക്കിലെടുത്ത് നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കണമെന്നാണ് നോട്ടീസില്‍ വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് പദ്ധതിയില്‍ ഇ.ഡി അവകാശ ലംഘനം നടത്തിയത് സംബന്ധിച്ച് സിപിഎം എംഎല്‍എ ജയിംസ് മാത്യു നല്‍കിയ അവകാശ ലംഘന പരാതി ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സമിതിയോഗം ചേരാനിരിക്കെയാണ് യുഡിഎഫ്, ധനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്. 18ന് പ്രതിപക്ഷത്തിന്‍റെ നോട്ടീസ് പരിഗണിക്കുമോ എന്ന് വ്യക്തമല്ല. സിപിഎമ്മിലെ എ.പ്രദീപ് കുമാറാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍.