തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെ നിയമിച്ചു. ഈ ചുമതല വഹിച്ചിരുന്ന എഡിജിപി വിജയ് സാക്കറെ എന്‍ഐഎയില്‍ ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് നിയമനം. ബറ്റാലിയന്‍ എഡിജിപിയുടെ അധിക ചുമതലയും അജിത്കുമാര്‍ വഹിക്കും.
1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജിത്കുമാര്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍, കൊല്ലം റൂറല്‍ എസ്‌പി, തൃശൂര്‍, എറണാകുളം റേഞ്ച് ഐ.ജി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷുമായി ബന്ധമുള്ള വിവാദ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 22നാണ് എം.ആര്‍ അജിത്‌കുമാറിനെ വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്തു നിന്ന് മാറ്റി ബറ്റാലിയന്‍ എഡിജിപിയാക്കിയത്.
സംസ്ഥാനത്തിന്‍റെ മുഴുവന്‍ ക്രമസമാധാന ചുമതലയുള്ള സുപ്രധാന തസ്‌തികയാണ് ഇപ്പോള്‍ അജിത്കുമാറിനെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍ എഡിജിപിമാര്‍ക്കായിരുന്നു സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ തസ്‌തിക ഒഴിവാക്കി സംസ്ഥാനത്തെ ആകെ ക്രമസമാധാന ചുമതലയുള്ള ഒറ്റ എഡിജിപിക്ക് കീഴില്‍ കൊണ്ടുവരികയായിരുന്നു.