തിരുവനന്തപുരം: മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ നിലവിലെ പതിനാലാം നിയമസഭാംഗങ്ങളില്‍ എത്രപേര്‍ പുതുതായി രൂപീകൃതമാകുന്ന പതിനഞ്ചാം നിയമസഭയിലെത്തുമെന്ന് ഉറപ്പില്ല. അത് ജനം തീരുമാനിക്കും. പാർട്ടികളുടെ ടേം നിബന്ധനയെ തുടർന്ന് സിറ്റിങ് എം.എല്‍.എമാര്‍ പലരും സീറ്റില്ലാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തുമായി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സഭയിലെത്തിയ 12 പേര്‍ ഈ നിയമസഭയുടെ കാലാവധി കഴിയുമ്പോള്‍ സഭയിലില്ല. ഈ നിയമസഭയില്‍ അംഗമായിരുന്ന ഏഴ് പേര്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് എം.എല്‍.എ പദം രാജിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ 12 പേരുടെ ഒഴിവില്‍ പകരക്കാരായി എത്തിയത് എട്ട് പേര്‍ മാത്രം.
2016ല്‍ പതിനാലാം നിയമസഭ രൂപീകരിച്ച ശേഷം ആദ്യം മരണമടഞ്ഞത് ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരായിരുന്നു. അസുഖബാധിതനായിരുന്ന അദ്ദേഹം 2018 ജനുവരി 14ന് അന്തരിച്ചു. മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന പി.ബി. അബ്ദുള്‍ റസാഖ് 2018 ഒക്ടോബര്‍ 20ന് അന്തരിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയും പാല നിയോജക മണ്ഡലത്തില്‍ അരനൂറ്റാണ്ടിലേറെ തുടര്‍ച്ചയായി എം.എല്‍.എയുമായിരുന്ന കെ.എം.മാണി 2019 ഏപ്രില്‍ 9ന് അന്തരിച്ചു. ദീര്‍ഘകാലം കുട്ടനാട് എം.എല്‍.എയും മുന്‍ ഗതാഗതമന്ത്രിയുമായ തോമസ് ചാണ്ടി 2019 ഡിസംബര്‍ 20ന് അന്തരിച്ചു. ചവറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എന്‍. വിജയന്‍പിള്ള 2020 മാര്‍ച്ച് 8ന് മരിച്ചു. ചങ്ങനാശേരി എം.എല്‍.എയും മുന്‍ രജിസ്‌ട്രേഷന്‍ മന്ത്രിയുമായ സി.എഫ് തോമസ് അന്തരിച്ചത് 2020 സെപ്തംബര്‍ 27നാണ്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ 2021 ജനുവരി 18ന് കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസ് കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് ബാധിച്ചു മരിക്കുന്ന സംസ്ഥാനത്തെ ആദ്യ എം.എല്‍.എ കൂടിയാണ് വിജയദാസ്.
ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് വേങ്ങര എം.എല്‍.എ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി 2017 ഏപ്രില്‍ 25ന് എം.എല്‍.എ സ്ഥാനം രാജിവച്ചു. ഈ സഭയില്‍ നിന്നുള്ള ആദ്യ രാജിയാണ് കുഞ്ഞാലിക്കുട്ടിയുടേത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നാല് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍കാവ് എം.എല്‍എയുമായിരുന്ന കെ. മുരളീധരന്‍, കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും കോന്നി എം.എല്‍.എയുമായ അടൂര്‍ പ്രകാശ്, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, അരൂര്‍ എം.എല്‍.എയും സിപിഎം നേതാവുമായ എ.എം. ആരിഫ് എന്നിവരാണ് രാജിവച്ചത്.
തുടക്കത്തിലില്ലാതെ ഇടയ്ക്കു വച്ച് സഭയിലെത്തിയത് ഏഴ് പേരാണ്. വേങ്ങരയില്‍ നിന്നും ലീഗ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദര്‍ 2017 നവംബറിലും ചെങ്ങന്നൂരില്‍ നിന്ന് 2018 ജനുവരി 14ന് സജി ചെറിയാനും പാലയില്‍ നിന്ന് 2019 ഒക്ടോബര്‍ 9ന് മാണി സി.കാപ്പനും വിജയിച്ചു. മഞ്ചേശ്വരത്തു നിന്ന് എം.സി. കമറുദ്ദീന്‍, വട്ടിയൂര്‍കാവില്‍ നിന്ന് വി.കെ.പ്രശാന്ത്, കോന്നിയില്‍ നിന്ന് കെ.യു. ജനീഷ്‌കുമാര്‍, അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്തു നിന്ന് ടി.ജെ.വിനോദ് എന്നിവര്‍ 2019 ഒക്‌ടോബര്‍ 28ന് ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തി. എന്നാല്‍ കുട്ടനാട്, ചവറ, ചങ്ങനാശേരി, കോങ്ങാട് മണ്ഡലങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.