തിരുവനന്തപുരം: Kerala Medical College PG Doctors Protest : സമരം ശക്തമാക്കി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി ഡോക്‌ടര്‍മാര്‍. തീവ്രപരിചരണം, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗ സേവനങ്ങള്‍ ബഹിഷ്‌കരിച്ചാണ് സമരം. കൊവിഡ് പരിചരണത്തെ സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതെ ആരോഗ്യമന്ത്രി ഈ നിലപാട് തുടര്‍ന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് പിജി ഡോക്‌ടര്‍മാരുടെ സംഘടനയുടെ തീരുമാനം. പ്രതിഷേധം പിന്‍വലിച്ചില്ലെങ്കില്‍ അറ്റന്‍ഡന്‍സ് നല്‍കില്ലെന്നും പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നതായി ഇവര്‍ ആരോപിച്ചു. അത്യാഹിത വിഭാഗത്തിലെ ജോലികൂടി ഉപേക്ഷിച്ച് സമരം മുന്നോട്ടുപോയാല്‍ അത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ALSO READ: ലീഗിനെ ഭയപ്പെടുത്താമെന്ന് വിചാരിച്ചോ, അത് കൈയില്‍ വച്ചാല്‍ മതി: ചെന്നിത്തല പിണറായിയോട്
പി.ജി ഡോക്‌ടര്‍മാരുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയതിനാലാണ് ഇനിയൊരു ചര്‍ച്ച വേണ്ടെന്ന തീരുമാനം ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. ജോലിഭാരം സംബന്ധിച്ച ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്‍റ്‌സിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. 373 പേരെ പ്രതിമാസം 45,000 രൂപ ശമ്പളത്തില്‍ നിയമിക്കാനാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
എന്നാല്‍ ആയിരത്തിലധികം ഒഴിവുകള്‍ ഉള്ളപ്പോള്‍ 373 പേര്‍ എന്നത് അപര്യാപ്‌തമാണെന്നാണ് സമരക്കാരുടെ നിലപാട്. പ്രതിഷേധിച്ചതിന്‍റെ പേരില്‍ ഹോസ്‌റ്റലുകളില്‍ നിന്ന് പുറത്താക്കിയ നടപടി ആരോഗ്യ മന്ത്രി അറിഞ്ഞിട്ടില്ലെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സമരം പിന്‍വലിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.