തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണ ഫീസ് ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങൾ അവതാളത്തിൽ. നികുതി പിരിവ് സേവനങ്ങൾ ഓൺലൈനാക്കിയുള്ള സർക്കാരിന്‍റെ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം ആകുമ്പോഴും വെബ്സൈറ്റ് ഇപ്പോഴും തകരാറിലാണ്. കരം അടയ്ക്കാൻ ഉൾപ്പെടെയുള്ള അപേക്ഷകൾ സമർപ്പിക്കാനായി വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ അപേക്ഷകരുടെ പേര് ഉൾപ്പെടെ മാറിയാണ് പ്രൊഫൈലിൽ കാണിക്കുന്നത്.
പലരുടെയും പ്രൊഫൈലിൽ നിന്നും മുൻപ് കരമടച്ചതിന്‍റെ വിവരങ്ങളും രേഖപ്പെടുത്തിയതായി കാണിക്കുന്നില്ല. ഇത് സംബന്ധിച്ച് പരാതികൾ നിരവധിയായതോടെ തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞയാഴ്‌ച വിജിലൻസ് നേരിട്ടെത്തി പരിശോധനയും നടത്തിയിരുന്നു. ഇതോടെയാണ് വെബ്സൈറ്റ് സംവിധാനത്തിന്‍റെ തകർച്ച അനിശ്ചിതമായി നീളുന്നതാണ് കാരണമെന്ന് മനസിലാക്കിയത്. വെബ്സൈറ്റ് തകരാറിലായതോടെ ഉദ്യോഗസ്ഥരുടെയും ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. ഓഫിസുകളിൽ നേരിട്ടെത്താതെ ജനങ്ങൾക്ക് കരമടയ്ക്കാൻ ഉദ്ദേശിച്ചാണ് സേവനങ്ങൾ ഓൺലൈനാക്കിയത്. എന്നാൽ ഓൺലൈനായി കരമടയ്ക്കാൻ സാധിക്കാതെ ജനങ്ങൾ നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുകയാണ്.
പുതിയ പരിഷ്‌കാരമനുസരിച്ച് മെയ് ഒന്നുമുതൽ ഓൺലൈൻ വഴി മാത്രമേ കരമടയ്ക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഓഫിസുകളിൽ ജനങ്ങൾ നേരിട്ടെത്തുന്നതോടെ ദൈനംദിന പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നു. എല്ലാ സാമ്പത്തിക വർഷാവസാനത്തിലും നികുതി പിരിവിലെ പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്താനായി വെബ്സൈറ്റ് പരിഷ്‌കാരം നടത്താറുണ്ട്. ഇത് ഒരാഴ്‌യോളം മാത്രമേ നീണ്ടുനിൽക്കാറുള്ളു. എന്നാൽ, കെട്ടിട നികുതി വർധനവ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ വെബ്സൈറ്റ് നവീകരണം നടത്തേണ്ടത്.
ഇൻഫർമേഷൻ കേരള മിഷനാണ് റവന്യു ഡിപ്പാർട്മെന്‍റ് എന്ന വെബ്സൈറ്റിന്‍റെ നടത്തിപ്പിനുള്ള ചുമതല. പുതിയ സാമ്പത്തിക വർഷാരംഭത്തോട പുതുക്കിയ നികുതി തുകകൾ പ്രകാരം ലഭിക്കേണ്ട നികുതി പിരിവും ഇതുകാരണം മുടങ്ങി കിടക്കുകയാണ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെ താമസ സ്ഥലത്തിന് ചതുരശ്ര മീറ്ററിന് പഞ്ചായത്ത് തലത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 100 രൂപയുമാക്കി വര്‍ധിപ്പിച്ചു. ഉത്പാദന മേഖലയിലെ വ്യവസായങ്ങള്‍ക്ക് പഞ്ചായത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 120 രൂപയും വര്‍ധിപ്പിച്ചു.
വാണിജ്യ നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തില്‍ 70 രൂപയും മുനിസിപ്പാലിറ്റിയില്‍ 90 രൂപയും നഗരസഭയ്ക്ക് 100 രൂപയുമായാണ് കൂട്ടിയത്. മറ്റുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 100 രൂപയുമാണ് വര്‍ധിപ്പിച്ചത്. 151 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള, താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് പഞ്ചായത്തില്‍ 100 രൂപയും മുനിസിപ്പാലിറ്റിയില്‍ 120 രൂപയും നഗരസഭയില്‍ 150 രൂപയുമാക്കി. വ്യവസായങ്ങള്‍ക്ക് പഞ്ചായത്തില്‍ 100 രൂപയും മുനിസിപ്പാലിറ്റിയില്‍ 120 രൂപയും നഗരസഭയില്‍ 150 രൂപയുമാക്കി. വാണിജ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയില്‍ 150 രൂപയും നഗരസഭയില്‍ 170 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്.
മറ്റുള്ളവയില്‍ പഞ്ചായത്തുകളില്‍ 100, മുനിസിപ്പാലിറ്റിയില്‍ 120, നഗരസഭയില്‍ 150 രൂപ എന്നിങ്ങനെയാക്കി. 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള താമസ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയില്‍ 200 രൂപയും നഗരസഭയില്‍ 200 രൂപയുമാക്കി. വ്യവസായങ്ങള്‍ക്ക് പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയിലും നഗരസഭയിലും 200 രൂപയുമാണ്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ 200 രൂപയും മുനിസിപ്പാലിറ്റിയില്‍ 250 രൂപയും നഗരസഭയില്‍ 300 രൂപയുമാണ്. മറ്റുള്ളവയ്ക്ക് പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയിലും നഗരസഭയിലും 200 രൂപയുമായാണ് പുതുക്കിയത്.