തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. അവസാന ദിന പ്രചാരണത്തിൽ തലസ്ഥാനനഗരിയിൽ മുന്നണികളും പ്രവർത്തകരും ആവേശത്തിലായി. കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശത്തിനും വാഹന ജാഥയ്ക്കും വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും മിക്കയിടത്തും നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്കായിരുന്നു മൂന്ന് മുന്നണി പ്രവർത്തകരുടെയും ആവേശം കലാശിച്ചത്.
അവസാനഘട്ടത്തിൽ മന്ത്രിമാരും സംസ്ഥാന നേതാക്കളും അണികൾക്ക് ഒപ്പം പ്രചാരണത്തിനിറങ്ങിയതും ആവേശം വർധിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത് എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, കോൺഗ്രസ് എംഎൽഎ വി.എസ് ശിവകുമാർ എന്നിവർ വിവിധ പ്രദേശങ്ങളിൽ പ്രചരണത്തിന്‍റെ ഭാഗമായി. തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് അനുകൂല തരംഗമാണെന്നും അറുപതിലധികം സീറ്റുകൾ നേടി ഇടത് മുന്നണി ഭരണം തുടരുമെന്നും മുൻ മേയറും എംഎൽഎയുമായ വി.കെ പ്രശാന്ത് പറഞ്ഞു.
അതേസമയം, മാറിമാറി ഭരിക്കുന്ന ഇടത്- വലതു മുന്നണികളുടെ അഴിമതിയിലും വികസന മുരടിപ്പിലും ജനം മടുത്തതായും നഗരസഭയിൽ ബിജെപിക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടാവുകയെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. നാളെ മുന്നണികൾക്ക് നിശബ്ദ പ്രചാരണമാണ്. ഈ വരുന്ന ചൊവ്വാഴ്‌ചയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.