തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം സമ്പൂര്‍ണ തോതില്‍ ഇന്ന് മുതല്‍. ചോദ്യോത്തര വേളയോടെ നിയമസഭാസമ്മേളനം ആരംഭിക്കും. ഇന്നലെയായിരുന്നു ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും അന്തരിച്ച നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ പിരിയുകയായിരുന്നു.
ഇന്ന് ഏക സിവില്‍ കോഡിനെതിരായ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് നടപടി. പ്രമേയത്തെ പ്രതിപക്ഷം എതിര്‍ക്കാന്‍ സാധ്യതയില്ലെങ്കില്‍ പോലും രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായേക്കും. വിലക്കയറ്റം ഉള്‍പ്പടെ സഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും.
20 ബില്ലുകളാണ് ഇത്തവണ നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചയാവുക. ഇതില്‍ പത്തോളം ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഇതും ചര്‍ച്ചയായേക്കും. 1960 ലെ ഭൂപതിവ് ഭേദഗതി ബില്ലും ഇന്ന് സഭയില്‍ ചര്‍ച്ചയാകും. ബില്ലിന്‍റെ കരടിന് നേരത്തേ തന്നെ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപം നൽകിയ ആശുപത്രി സംരക്ഷണ ബില്ലിലെ ഭേദഗതിയും ഇന്ന് സഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കാനോ അക്രമിക്കാനോ ശ്രമിച്ചാല്‍ 3 മാസം വരെ തടവും 10,000 രൂപ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സഭയില്‍ ആളില്ലെങ്കിലും പുറത്ത് പ്രതിഷേധം നടത്തുമെന്ന് ബിജെപി നേരത്തേ അറിയിച്ചിട്ടുണ്ട്. മിത്ത് വിവാദത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ തള്ളിക്കളഞ്ഞെങ്കിലും എന്‍എസ്എസും ബിജെപിയും വിഷയം മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കടുപ്പിക്കുകയാണ്.
വിഷയത്തില്‍ സ്‌പീക്കര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. പ്ലസ് വണ്‍ സീറ്റിലെ അപാകതകളും സഭയില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.മുതലപ്പൊഴി വിഷയം സഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കാനും പ്രതിപക്ഷം ശ്രമിക്കും. മുതലപ്പൊഴിയില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു ഉദ്ഘാടനം ചെയ്‌തിരുന്നത്. മദ്യവര്‍ജ്ജനം നയമായി സ്വീകരിച്ച സര്‍ക്കാരിന്‍റെ പുതിയ നയത്തിനെതിരെയും പ്രതിപക്ഷ വിമര്‍ശനമുയരാന്‍ ഇടയുണ്ട്.
ഉമ്മൻചാണ്ടിയേയും വക്കം പുരുഷോത്തമനേയും അനുസ്‌മരിച്ച് സഭ : അരനൂറ്റാണ്ടിനിപ്പുറം ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ നിയമസഭ സമ്മേളനമാണ് ഇത്തവണത്തേത്. തുടർന്ന്, നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ ഉമ്മൻചാണ്ടിയുടേയും വക്കം പുരുഷോത്തമന്‍റേയും അനുസ്‌മരണത്തിന് ശേഷം സഭ പിരിഞ്ഞു. ഇരു നേതാക്കളുടെയും രാഷ്‌ട്രീയ ജീവിതം പുതുതലമുറയ്‌ക്ക് മാതൃകയാണെന്നായിരുന്നു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഉമ്മൻ ചാണ്ടിയ്‌ക്ക് ഏറ്റവും പ്രിയം കേരള നിയമസഭയോടായിരുന്നു. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോഴും ഇവിടെ തന്നെ നിന്ന കഴിവും കാര്യക്ഷമതയും ഉള്ള നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച, ജനസേവനത്തിന് വില കൽപ്പിച്ച് രാഷ്‌ട്രീയ രംഗത്തേക്ക് വന്ന നേതാവായിരുന്നു വക്കം പുരുഷോത്തമനെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.