തിരുവനന്തപുരം: നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യ വകുപ്പ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി.എസ് വാസന്തിയ്‌ക്ക് താത്‌ക്കാലിക തസ്‌തികയില്‍ നിയമനം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്‍റായാണ് നിയമനം. കുടുംബത്തിന്‍റെ ദുരിതാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് മന്ത്രിയുടെ ഇടപെടല്‍. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്.
'വാസന്തിയെ പിരിച്ചുവിട്ടതില്‍ നടപടി സ്വീകരിക്കാന്‍ സഹായം'
സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്‌ത് വരികയായിരുന്നു വി.എസ് വാസന്തി. മകന് നിപ വൈറസ് ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്‍റെ ചികിത്സ കഴിഞ്ഞിട്ട് ആശുപത്രിയിലെത്തിയപ്പോഴേക്കും ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ഗോകുലിന്‍റെ പിതാവിന്‍റെയും ജോലി നഷ്ടപ്പെട്ടു.
നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളും കാരണം ഗോകുല്‍ കൃഷ്ണയ്ക്ക് തുടര്‍ ചികിത്സ വേണ്ടി വന്നു. ഇതോടെ കടം കയറി വീട് ജപ്‌തിയുടെ വക്കിലുമാണ്. ഈ ദുരിതത്തിനിടയിലാണ് ആശ്വാസ നടപടിയുമായി ആരോഗ്യമന്ത്രി എത്തിയത്. ഗോകുലിന്‍റെ അമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പ് സഹായം നല്‍കും.
ജപ്‌തി നടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്‍റെ സഹകരണം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.