തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വർധന സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമുണ്ടാകാൻ സാധ്യത. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിക്കും. മദ്യ നിർമാണ ശാലകളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്‌ടം നികത്താൻ മദ്യത്തിന്‍റെ വിൽപന നികുതി വർധിപ്പിക്കാനാണ് ആലോചന.
വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്‌ടമാണ് കണക്കാക്കുന്നത്. ഈ നഷ്‌ടം നികത്തുന്നതിനാണ് വിലവര്‍ധന പരിഗണിക്കുന്നത്. മിൽമ പാൽ വില വർധനയിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും.
മിൽമ എട്ടു രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.