തിരുവന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികള്‍ വഴി സൗജന്യമായി നൽകുന്ന പേവിഷ വാക്‌സിന്‍ വിതരണം അവസാനിപ്പിക്കാൻ ഒരുങ്ങി സർക്കാർ. ബിപിഎൽ വിഭാഗങ്ങൾക്ക് മാത്രമായി വാക്‌സിൻ വിതരണം സൗജന്യമാക്കാനാണ് നീക്കം. നിലവിൽ ഇത്തരത്തിലുള്ള സാമ്പത്തിക വേർതിരിവുകൾ ഒന്നുമില്ലാതെ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുന്നതായിരുന്നു രീതി.
കടുത്ത സാമ്പത്തിക ചെലവ് കണക്കിലെടുത്താണ് ഇത്തരം ഒരു നിർദേശം. 30 ശതമാനം സാധാരണക്കാർ മാത്രമാണ് പേവിഷബാധയ്ക്കായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത് എന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. 2008 മുതലാണ് സംസ്ഥാനത്ത് പേവിഷ വാക്‌സിനൊപ്പം ഇമ്മ്യൂണോഗ്ലോബിനും സൗജന്യമായി നൽകി തുടങ്ങിയത്. ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഇമ്മ്യൂണോഗ്ലോബിൻ എല്ലാ വിഭാഗക്കാർക്കും ഒരുപോലെ നൽകാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെയും റിപ്പോർട്ട്.
പേവിഷ വാക്‌സിന് 1200 രൂപയോളം വിലയുണ്ട്. വിവിധ മെഡിക്കൽ കോളജുകളിൽ നടത്തിയ പഠനത്തിൽ 30 ശതമാനം സാധാരണക്കാരും 70 ശതമാനം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്‍ ഉള്ളവരുമാണ് മൃഗങ്ങളുടെ കടിയേറ്റ് വാക്‌സിൻ എടുക്കാനായി എത്തുന്നത്. വളർത്തുമൃഗങ്ങളിൽ നിന്ന് കടിയേറ്റാണ് കൂടുതൽ പേരും ചികിത്സ തേടുന്നത്. തെരുവ് നായ്ക്കളിൽ നിന്ന് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.
അവരില്‍ മുഴുവൻ പേർക്കും ഇത്തരത്തിൽ സൗജന്യ വാക്‌സിൻ നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കൂടാതെ വലിയ അളവിൽ വാക്‌സിൻ വാങ്ങിക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു. അതിനാലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമായി വാക്‌സിൻ വിതരണം സൗജന്യമാക്കാൻ നീക്കം നടത്തുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പേവിഷ വാക്‌സിന് ക്ഷാമം അനുഭവപ്പെടുന്നതിൽ ആരോഗ്യ വകുപ്പിന് നേരെ വിമർശനം ഉയർന്നിരുന്നു.
പല ആശുപത്രികളിലും ഇത്തരത്തിൽ ചികിത്സ തേടിയെത്തുന്നവർ പുറത്തുനിന്ന് വാക്‌സിൻ വാങ്ങി നൽകേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. വലിയ അളവിലുള്ള വാക്‌സിൻ വാങ്ങൽ ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. പേവിഷ വാക്‌സിൻ സൗജന്യമായി നൽകുന്നത് ബിപിഎൽ വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു.
നിലവിലെ സാഹചര്യത്തിൽ വാക്‌സിൻ ധാരാളമായി സംസ്ഥാനം വാങ്ങേണ്ട സാഹചര്യം ഉണ്ടായി. അതിനാലാണ് ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയത്. വളർത്തു മൃഗങ്ങളിൽ നിന്ന് കടിയേൽക്കുന്നതാണ് കൂടുതൽ സംഭവങ്ങൾ എന്നും ഈ പഠനത്തിലൂടെയാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി തന്നെ വാക്‌സിൻ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തെരുവ് നായ്ക്കളുടെ അടക്കം ആക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സൗജന്യ വാക്‌സിൻ നിർത്തുന്നതിൽ വിമർശനം ഉയരുമെന്ന് ഉറപ്പാണ്. നേരത്തെ വാക്‌സിൻ സംഭരണത്തിൽ ആരോഗ്യ വകുപ്പിന് വലിയ വീഴ്‌ച വന്നതായി വിമർശനം ഉയർന്നിരുന്നു. വാക്‌സിനുകൾ വാങ്ങുന്നതിന് ടെൻഡർ നടപടികൾ അടക്കം പൂർത്തിയാക്കുന്നതിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷന് വീഴ്‌ച പറ്റിയതായാണ് ആരോപണമുയർന്നത്.
ആവശ്യം കൂടിയപ്പോൾ കൃത്യമായ ഗുണനിലവാര പരിശോധന നടത്താതെ വാക്‌സിൻ വാങ്ങിയതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തപ്പോഴാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങിയ വാക്‌സിനുകളുടെ ഗുണനിലവാരം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ ആരോഗ്യ വകുപ്പ് ഇക്കാര്യം നിഷേധിച്ചിരുന്നു. കേന്ദ്ര ലാബുകളിൽ അടക്കം പരിശോധന നടത്തി വാക്‌സിന് ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്‌തിരുന്നു.