തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ വീണ്ടും അതൃപ്‌തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനങ്ങൾ തീരുമാനിയ്‌ക്കട്ടെയെന്നും ഗവർണർ തിരുവനന്തപുരം വിമാനത്താവളത്തിൽ പറഞ്ഞു. മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ പേഴ്‌സണൽ സ്റ്റാഫിനെ പുനർവിന്യസിച്ച സർക്കാർ നടപടിക്കെതിരെയാണ് ഗവർണർ അതൃപ്‌തി അറിയിച്ചത്.
നിയമമാണ് പ്രധാനം തന്‍റെ അഭിപ്രായം നേരത്തെ അറിയിച്ചു കഴിഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയും വിമർശനം ഉന്നയിച്ചതാണ്. ഇനി താൻ എന്തു ചെയ്യണമെന്നും ഗവർണർ ചോദിച്ചു.
രണ്ടര വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തും ഇല്ലെന്നും സർക്കാരിന് ഇത്രയും ആസ്‌തി ഉണ്ടോ എന്നും ജസ്റ്റിസ് എസ് അബ്‌ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ പേഴ്‌സണൽ സ്റ്റാഫിൽ അഞ്ചു പേരെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് മാറ്റിയിരുന്നു. ഇതോടെ മുഹമ്മദ് റിയാസിന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗസംഖ്യ 30 ആയി.
ബാക്കിയുള്ളവരെ സഹകരണ മന്ത്രി വി.എൻ വാസവന്‍റെയും കായിക മന്ത്രി വി. അബ്‌ദുറഹിമാന്‍റെയും പേഴ്‌സണൽ സ്റ്റാഫിലേക്കാണ് മാറ്റിയത്. പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി നിജപ്പെടുത്തണമെന്ന സിപിഎം നയത്തിനെതിരെയാണ് ഇപ്പോഴത്തെ നടപടി. ഇവർക്ക് കാലാവധി പൂർത്തിയാക്കി പെൻഷൻ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമനം എന്നാണ് ആക്ഷേപം.