തിരുവനന്തപുരം: കേരളത്തിലെ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാന്‍ സഹകരണ സര്‍വകലാശാല ആരംഭിക്കാനുള്ള നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലയുടെ സാധ്യതാ പഠനം നടത്തുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫിസറായി കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് വകുപ്പ് മേധാവിയായ ഡോ.കെ.എസ് ചന്ദ്രശേഖരനെ നിയമിച്ചു.
ALSO READ: ക്രിസ്‌മസ് ദിനത്തിലും അവധിയില്ല : സെക്രട്ടേറിയറ്റിന് മുന്നിൽ സമരനിര
കോപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ഡയറക്ടര്‍ ഡോ. ആര്‍.ശശികുമാര്‍ കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് സഹകരണ വകുപ്പിന് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. സഹകരണ മേഖലയിലുള്ള വിവധ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ കേരളത്തിലെ വിവധ സര്‍വകലാശാലകള്‍ക്ക് കീഴിലാണ് അഫിലിയേഷന്‍ നടത്തിയിട്ടുള്ളത്. സഹകരണ സര്‍വകലാശാല യാഥാർഥ്യമായാല്‍ ഈ കോളജുകളുടെ അഫിലിയേഷന്‍ സഹകരണ സര്‍വകലാശാലയ്ക്ക് കീഴിലാകും.
കേപ്പിന് കീഴില്‍ മാത്രം 11 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ക്ക് കീഴില്‍ 13 സഹകരണ പരിശീലന കോളജുകളുണ്ട്. ഇവയെല്ലാം ഇനി സഹകരണ സര്‍വകലാശാലയ്ക്ക് കീഴിലാകും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, വെറ്റിനറി സര്‍വകലാശാലകള്‍ക്ക് പിന്നാലെയുള്ള മറ്റൊരു ചുവടുവയ്പായാണ് സഹകരണ സര്‍വകലാശാലയെന്നാണ് വിലയിരുത്തല്‍.