തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ നിന്ന് ക്രീം ബിസ്കറ്റ് ഒഴിവാക്കി. ഓണത്തിന് വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിൽ ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തുമെന്ന് നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രീം ബിസ്കറ്റ് നൽകുന്നത് 22 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസ്കറ്റ് നൽകാനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചത്.
ആദ്യഘട്ടത്തിൽ മിഠായിപ്പൊതി നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 20 മിഠായികൾ അടങ്ങിയ പാക്കറ്റിന് 20 രൂപയാകുമെന്നതിനാൽ പകരം ബിസ്കറ്റ് നൽകാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇതാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും മാറ്റിയത്.
Also Read: 'നിയമങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ നിക്ഷേപം ഉറപ്പ് വരുത്തും': മന്ത്രി പി രാജീവ്
ഓഗസ്റ്റ് ഒന്ന് മുതൽ ഓണക്കിറ്റ് നൽകി തുടങ്ങും. കേരളത്തിലെ 86 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യാൻ 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്ക്കറ്റ് ഉൾപ്പെടെ 17 ഇനങ്ങൾ അടങ്ങിയ കിറ്റ് ഓണത്തിന് വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ബിസ്കറ്റ് ഒഴിവാക്കിയതോടെ ഇത് 16 ഇനങ്ങൾ ആവും കിറ്റിൽ ഉണ്ടാവുക.