തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 10,000 പേരാണ് ഈ മാസം 31നകം വിരമിക്കുന്നത്. സ്‌കൂൾ പ്രവേശനം ഉറപ്പിക്കാനായി മെയ് മാസത്തിൽ ജനന തിയതി രേഖപ്പെടുത്തുന്ന രീതി മുന്‍പുണ്ടായിരുന്നു. അതിനാലാണ് മെയ് മാസത്തിൽ വിരമിക്കുന്നവരുടെ എണ്ണം ഇത്രത്തോളം വർധിച്ചത്. ഈ വർഷം സർവീസിൽ നിന്ന് ഇതുവരെ വിരമിച്ചത് 21,537 പേരാണ്.
വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാന്‍ 2,000 കോടി കടമെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നിലവിലെ സാഹചര്യത്തിൽ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് 1,500 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ. ഇത് കണക്കിലെടുത്താണ് അടുത്തമാസം പൊതുവിപണിയിൽ നിന്ന് 2,000 കോടി കടമെടുക്കാൻ സർക്കാർ നീക്കം നടത്തുന്നത്.
പിഎഫ്, ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ പെൻഷൻ കമ്യൂട്ടേഷൻ, ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവയാണ് സർക്കാർ ജീവനക്കാർക്ക് വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങള്‍. വിരമിക്കൽ ആനുകൂല്യങ്ങൾ പിടിച്ചുവയ്ക്കാതെ ജീവനക്കാർക്ക് നൽകുന്നതാണ് സർക്കാറിന്‍റെ ഇതുവരെയുള്ള രീതി. ഇത്തവണയും അതിൽ മാറ്റം ആവശ്യമില്ലെന്നാണ് ധനവകുപ്പിന്‍റെ തീരുമാനം. ആനുകൂല്യങ്ങൾ നൽകുന്നതിന് പണം കണ്ടെത്തുന്നതിൻ്റെ ഭാഗമായി 25 ലക്ഷം രൂപയ്ക്ക് മേലുള്ള ബില്ലുകൾ മാറാൻ പ്രത്യേക അനുമതി വേണമെന്ന് നിബന്ധനയും ധനവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
കടമെടുപ്പ് കേന്ദ്രത്തിന്‍റെ വെട്ടിക്കുറയ്‌ക്കലിനിടെ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് വലിയ വെല്ലുവിളിയാവുകയാണ് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നത്. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വലിയ രീതിയിൽ വെട്ടിക്കുറച്ചിരുന്നു. 8,000 കോടി രൂപയുടെ വായ്‌പാപരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കേന്ദ്ര അനുമതി പ്രകാരം ഈ വർഷം 15,390 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുക. ഈ പരിധിയിൽ നിന്നാണ് 2,000 കോടി ഇപ്പോൾ കടമെടുക്കുന്നത്. കിഫ്‌ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടേയും വായ്‌പ സംസ്ഥാനത്തിന്‍റെ വായ്‌പയായി കണക്കാക്കിയാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്.
കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ധനമന്ത്രി കെഎൻ ബാലഗോപാൽ രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും ഇതിനായി വായ്‌പകളും ഗ്രാന്‍റുകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുകയുമാണെന്നായിരുന്നു ധനമന്ത്രിയുടെ വിമർശനം. എന്നാൽ കേരളത്തിന്‍റെ ധൂർത്തിന് പണം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ ഇതിന് മറുപടി നൽകിയത്. കേന്ദ്രം സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ചിട്ടില്ല. ഇത് സാധൂകരിക്കുന്നതിന് കണക്കുകളും കേന്ദ്രമന്ത്രി പുറത്തുവിട്ടിരുന്നു.
ALSO READ | പ്രതിസന്ധിക്കിടയിലെ 'ആശ്വാസം'; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ധനവകുപ്പ് 3356.42 കോടി രൂപ അനുവദിച്ചു
എന്നാൽ സംസ്ഥാനത്തിന് പോലും നൽകാത്ത കണക്ക് കേന്ദ്രമന്ത്രിക്ക് രഹസ്യമായി കേന്ദ്രസർക്കാർ നൽകുകയാണെന്നും അടിസ്ഥാനരഹിതമായ ചില കണക്കുകൾ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിക്കുന്നതെന്നുമായിരുന്നു ധനമന്ത്രി ബാലഗോപാലിന്‍റെ മറുപടി.