തിരുവനന്തപുരം: കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതിന് കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം തുടങ്ങി വിവിധ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.
ദേശീയതലത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ ത്രൈമാസ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്‍റെ കൃത്യമായ കണക്ക് ലഭിക്കാന്‍ രണ്ടുവര്‍ഷമെടുക്കുന്ന സ്ഥിതിയുണ്ട്. മാത്രമല്ല കേരളത്തിലെ നിക്ഷേപത്തിന്‍റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്‍റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല. ഇതുകാരണം സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണത്തിനും ഗവേഷകര്‍ക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.
ദേശീയ സ്ഥിതിവിവര കമ്മീഷന്‍റെ മുന്‍ ആക്‌ടിങ് ചെയര്‍മാന്‍ പി.സി.മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും. ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് മുന്‍ ഡയറക്ടര്‍ മീരാ സാഹിബ് കമ്മീഷനിലെ മുഴുവന്‍ സമയ അംഗവും ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ.മധുര സ്വാമിനാഥന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റൂറല്‍ ഡവലപ്‌മെന്‍റിലെ ഫാക്കല്‍റ്റി അംഗം ഡോ.വി.സുര്‍ജിത്ത് വിക്രമന്‍ എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും. മൂന്ന് വര്‍ഷമാണ് കമ്മീഷന്‍റെ കാലാവധി.