തിരുവനന്തപുരം: അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയത് വൻ അഴിച്ചുപണി. ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന സാഹചര്യത്തിൽ വിശ്വാസ് മേത്ത സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയാകും. ഒമ്പത് മാസമാണ് വിശ്വാസ് മേത്തയ്ക്ക് കാലാവധിയുള്ളത്. 2021 ഫെബ്രുവരിവരെ അദ്ദേഹം ചീഫ് സെക്രട്ടറിയായി തുടരും. മെയ് 31നാണ് ടോം ജോസ് വിരമിക്കുന്നത്. വിശ്വാസ് മേത്തയ്ക്ക് പകരം ടി. കെ. ജോസിനെ ഹോം സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
റവന്യൂ സെക്രട്ടറിയായിരുന്ന കെ വേണുവിനെ മാറ്റി ജയതിലകിനെ നിയമിച്ചു. സർക്കാറുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നിയമനം. നേരത്തെ റീ ബിൽഡ് കേരളയിൽ നിന്നും വേണുവിനെ മാറ്റിയിരുന്നു. പ്ലാനിങ് ബോർഡ് സെക്രട്ടറിയായാണ് വേണുവിനെ മാറ്റി നിയമിച്ചത്. തിരുവനന്തപുരം കലക്ടറായ ഗോപാലകൃഷ്ണനെ മലപ്പുറം കലക്ടറായി മാറ്റി നിയമിച്ചു. നവജ്യോത് ഘോസയാണ് തിരുവനന്തപുരത്തെ പുതിയ കലക്ടർ. അലപ്പുഴ കലക്ടറായ അഞ്ജനയെ കോട്ടയം കലക്ടറായി മാറ്റി നിയമിച്ചു.
ജെ അലക്സാണ്ടറാണ് പുതിയ ആലപ്പുഴ കലക്ടർ. കാർഷികോല്പാദന കമ്മിഷണറായി ഇഷിതാ റോയിയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തേജ് ലോഹിത് റെഡ്ഡിയാണ് പുതിയ സഹകരണ രജിസ്ട്രാർ. ഐ.പി.എസ് തലത്തിലും മാറ്റം കൊണ്ടു വന്നിട്ടുണ്ട്. ഐ.ജിമാരായ ശ്രീലേഖയേയും ശങ്കർ റേയേയും ഡി.ജി.പിയായി പ്രമോഷൻ നൽകും. ഫയർഫോഴ്സ് മേധാവിയായി ഐ.ജി ശ്രീലഖയെ നിയമിച്ചു. ആദ്യമായാണ് കേരളത്തില്‍ ഒരു വനിത ഡി.ജി.പി റാങ്കില്‍ നിയമിക്കപ്പെടുന്നത്. നിലവിലെ ഫയർഫോഴ്സ് മേധാവിയായ ഡി.ജി.പി ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം.
ഗതാഗത കമ്മിഷണറായി എം.ആർ അജിത്ത് കുമാറിനെ നിയമിക്കും. ഡി.ജി.പി റാങ്കിലേക്ക് ഉയർത്തുന്ന ശങ്കർ റേ റോഡ് സേഫ്റ്റി കമ്മിഷണറായി തുടരും. വിദേശത്ത് നിന്നെത്തുന്നവർക്ക് പെയ്ഡ് ക്വാറന്‍റൈനില്‍ ഇളവ് നൽകുന്നതും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചു. സാമ്പത്തികമായി പ്രതിസന്ധി ഉള്ളവർക്ക് ഇളവ് നൽകാമെന്ന ആലോചനയിലാണ് സർക്കാർ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും.