തിരുവനന്തപുരം : കരമനയില്‍ വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രതിഷേധത്തിന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍.
സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. മത്സ്യവില്‍പ്പനക്കാരിയോട് മോശമായി പെരുമാറിയ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.
ബുധനാഴ്‌ച കരമനപ്പാലത്തിലെ നടപ്പാതയില്‍ മീന്‍ വില്‍പ്പന നടത്തിയിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്‌പമാണ് മന്ത്രി ആന്‍റണി രാജുവിന് പരാതി നല്‍കിയത്.
പൊലീസ് കച്ചവടം തടസപ്പെടുത്തിയെന്നും തര്‍ക്കത്തിനിടയില്‍ മീന്‍ തട്ടിത്തെറിപ്പിച്ചെന്നും ഇവര്‍ പരാതിയില്‍ വിശദീകരിക്കുന്നു. രാവിലെ മുതല്‍ കച്ചവടം നടത്തിവന്ന തന്നോട് വൈകിട്ടോടെ രണ്ട് പൊലീസുകാരെത്തി വില്‍പ്പന പാടില്ലെന്ന് അറിയിച്ചു.
തുടര്‍ന്ന് തര്‍ക്കമായെന്നും മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്നും മരിയ പുഷ്‌പം പറയുന്നു. ഇതോടെ ഇവരുടെ സ്ഥലമായ വലിയതുറയില്‍ നിന്ന് നാട്ടുകാരെത്തുകയും പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയുമായിരുന്നു.
ALSO READ: വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി
അതേസമയം മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് കരമന പൊലീസിന്‍റെ വിശദീകരണം. നിരന്തരമുണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമെന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ അറിയിച്ചു.
ആറ്റിങ്ങലിലും സമാനമായ സംഭവം നടന്നിരുന്നു. നഗരസഭാജീവനക്കാരാണ് അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സയുടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.