തിരുവനന്തപുരം : കുട്ടനാട്ടില്‍ സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്‍റെ വില കിട്ടാത്തത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan) രംഗത്ത്. കേരളത്തിലെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിയിരിക്കുന്നുവെന്ന് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. സാമൂഹ്യസുരക്ഷ പെന്‍ഷനുകളും മാസങ്ങളായി മുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണവും പ്രതിസന്ധിയിലാണ്. എന്നാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് മാത്രം കൃത്യമായി ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പണം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു. പാവപ്പെട്ട കര്‍ഷകരെയോ സാമൂഹ്യ സുരക്ഷ പരിധിയില്‍ വരുന്ന സ്ത്രീകളെയോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങള്‍ തന്നെ ഇതിനെല്ലാം മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആത്മഹത്യ ചെയ്‌ത പ്രസാദിന്‍റെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ ഇന്ന് സന്ദര്‍ശിക്കും.
കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്‍റെ (paddy Procurement) വില മാസങ്ങളായി കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. അതേസമയം കര്‍ഷക ആത്മഹത്യയില്‍ കൃഷി മന്ത്രി പി പ്രസാദിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്‍റെ (GR Anil) പ്രതികരണം.
Read more: കട ബാധ്യത; ആലപ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി, കൃഷിയില്‍ പരാജയപ്പെട്ടു എന്ന് ഫോണ്‍ സംഭാഷണം