തിരുവനന്തപുരം: ആധാര രജിസ്‌ട്രേഷന്‍ പത്ത് ലക്ഷം കടന്നതോടെ സഹകരണ വകുപ്പിന്‍റെ വരുമാന നേട്ടത്തില്‍ വൻ കുതിപ്പ്. എട്ടുവര്‍ഷത്തിന് ശേഷമാണ് ആധാര രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് 10 ലക്ഷം കവിയുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തിലായിരുന്നു ഇതിന് മുന്‍പ് ആധാരങ്ങളുടെ വിൽപന പത്ത് ലക്ഷം കവിഞ്ഞത്.
2014-15 കാലയളവില്‍ 10,53000ത്തിലധികം ആധാരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്‌തത്. എന്നാല്‍, 2020-21 സാമ്പത്തിക വര്‍ഷത്തിൽ 9,26,487 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്‌തത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 1,10,000ത്തിലധികമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്‌തത്. രജിസ്‌ട്രേഷനിലൂടെ മാത്രം 1,230 കോടി രൂപയുടെ അധിക വരുമാനമാണ് സഹകരണ വകുപ്പിന് ലഭിച്ചത്.
ഇതിനുപുറമേ രജിസ്‌ട്രേഷന്‍ വകുപ്പിന്‍റെ ആകെയുള്ള വരുമാനത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാന ബജറ്റ് ലക്ഷ്യം വച്ചതിനെക്കാള്‍ 1137.87 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയുടേയും രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ 1523.54 കോടി രൂപയുടേയും വരുമാനമുണ്ടായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ രജിസ്‌ട്രേഷന്‍ വകുപ്പിന്‍റെ മൊത്തം വരുമാനം 5662.12 കോടി രൂപയാണ്. എന്നാല്‍, ബജറ്റ് ലക്ഷ്യമിട്ടിരുന്നത് 4524.25 കോടി രൂപയുടെ വരുമാന നേട്ടമായിരുന്നു.
എല്ലാ ജില്ലകളിലും മുന്‍ സാമ്പത്തിക വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. വരുമാനത്തില്‍ ഒന്നാം സ്ഥാനം ഇത്തവണ എറണാകുളം ജില്ലയ്ക്കാണ്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് വരുമാനം നേടിയത് വയനാട് ജില്ലയാണ്.
ബജറ്റിലുണ്ടായ ന്യായവില വര്‍ധനവ് കാരണം മാര്‍ച്ച് മാസത്തില്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. മാര്‍ച്ചില്‍ മാത്രം 1,37,906 ആധാരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്‌തത്. 2022 മാര്‍ച്ചില്‍ 1,16,587 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തതോടെ 627.97 കോടി രൂപയുടെ വരുമാനമായിരുന്നു നേട്ടം. എന്നാല്‍, 2023 മാര്‍ച്ചില്‍ ആധാര രജിസ്‌ട്രേഷനുകളിലൂടെ 950.37 കോടി രൂപയാണ് രജിസട്രേഷന്‍ വകുപ്പിന് ലഭിച്ചത്.
ഇ - സ്റ്റാമ്പിങ് പ്രാബല്യത്തിലാക്കാൻ സർക്കാർ; ഏപ്രില്‍ ഒന്നു മുതല്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളെ ഇ - സ്റ്റാമ്പിങ് സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി സംസ്ഥാനത്തെ 14 ജില്ലകളിലെയും തെരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പിലാക്കും. ഇതിനുശേഷം മെയ് രണ്ടുമുതല്‍ സംസ്ഥാന വ്യാപകമായി പുതിയ സംവിധാനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ ഇ - സ്റ്റാമ്പിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം, പുതിയ സംവിധാനം നിലവില്‍ വരുമ്പോഴും സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടര്‍മാരുടെ കൈവശവുമുള്ള മുദ്രപത്രങ്ങളുടെ വിൽപനക്കായി ആറുമാസം കൂടി തുടരാന്‍ അനുവദിച്ചിരുന്നു. ഇതിനായി സ്റ്റാമ്പ് വെണ്ടര്‍മാര്‍ മുഖേന ഒരു ലക്ഷം വരെയുള്ള മുദ്രപത്രങ്ങളുടെ വിൽപന തുടരാനും തീരുമാനമുണ്ടെന്നാണ് വിവരം.